കോഴിക്കോട്: കൊവിഡ് 19ന്റെ മറവിൽ ട്രോളിംഗ് നിരോധനം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആശങ്ക. ട്രോളിംഗ് ഒഴിവാക്കാൻ ബോട്ടുമുതലാളിമാർ അണിയറ നീക്കം ആരംഭിച്ചതായി കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ആരോപിച്ചു. കിഴക്കൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ 15 മുതലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജൂൺ ഒന്നുമുതലും 61 ദിവസത്തേക്കുള്ള മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവിനെ മറികടന്ന് ട്രോളിംഗ് നിരോധനം അട്ടിമറിക്കാൻ ശ്രമിച്ചാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ബോട്ടുകളെ കടലിൽ തടയുംകൊവിഡിനെ തുടർന്ന് ബാഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും കടലിൽ പോകാതിരിക്കുകയാണ്. ജോലിയില്ലാത്തതിനാൽ കടൽത്തീരം വറുതിയിലാണ്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ മത്സ്യത്തൊഴിലാളികളെ അവഗണിച്ചത് പ്രതിഷേധാർഹമാണ്. ഓരോ മത്സ്യത്തൊഴിലാളി കുടുബത്തിനും പ്രതിമാസം പതിനായിരം രൂപവച്ച് അടുത്ത മൂന്നുമാസത്തേയ്ക്കു വിതരണം ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് നാഷണൽ ഫിഷ്‌വർക്കേഴ്‌സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ, മലബാർ മേഖല പ്രസിഡന്റ് അബ്ദുൾ റാസിക് എന്നിവർ ആവശ്യപ്പെട്ടു.