മാനന്തവാടി: അനധികൃതമായി വയൽ നികത്തി മണ്ണിടുന്നതായി പരാതി. മാനന്തവാടി നഗരസഭ പരിധിയിലെ നാല്, രണ്ട് ഡിവിഷനുകളിൽപ്പെട്ട ജെസ്സി കോമ്പി പാലത്തിന് സമീപമുള്ള വയലിലാണ് മണ്ണിട്ട് നികത്തുന്നത്. ഏരുമത്തെരുവ് ജെസ്സി റോഡ് നിർമ്മാണത്തിന് നീക്കം ചെയ്ത മണ്ണാണ് ഇവിടെ കൊണ്ടുവന്നിടുന്നത്. ഇതിന് സമീപത്തായി നീർച്ചാലുകളും ഉണ്ട്, കഴിഞ്ഞ പ്രളയകാലത്ത് തങ്ങളുടെ കൃഷി ഭൂമി നശിച്ച് പോയതായും മണ്ണിടുന്നത് മൂലം അടുത്ത കാലവർഷത്തിൽ മണ്ണ് ഒലിച്ച് ഇറങ്ങി കൃഷിഭൂമി പാടെ ഇല്ലാതാവുമെന്നും കൃഷിക്കും, ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന തോട് ഇല്ലാതാകുമെന്നും നാട്ടുകാർ പറയുന്നു.
ഇത് സംബന്ധിച്ച് സമീപത്തെ 12 ഓളം കുടുംബങ്ങൾ സബ്ബ്കളക്ടർക്ക് പരാതിനൽകും.
അതേസമയം കഴിഞ്ഞ പ്രളയത്തിൽ കൃഷി പാടേ നശിച്ച് പോയതിനാലാണ് കരഭൂമിയിൽ കൃഷി ആവശ്യത്തിനായി മണ്ണ് നിക്ഷേപിച്ചിട്ടുള്ളതെന്നും, റവന്യു അധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും സ്ഥലം ഉടമ പറഞ്ഞു. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണ് പ്രദേശത്തെ നിരവധി സ്ഥലങ്ങളിൽ അനധികൃതമായി നിക്ഷേപിച്ചതായും പരാതികൾ ഉണ്ട്.