rice

കോഴിക്കോട്: പൂവാട്ടുപറമ്പ്, പെരുമണ്ണ, ഫറോക്ക്, മണ്ണൂർ, കടലുണ്ടി തുടങ്ങിയ പ്രദേശങ്ങളിലെ പച്ചക്കറിക്കടകൾ, പലവ്യഞ്ജന കടകൾ, ഫ്രൂട്ട് സ്റ്റാളുകൾ, ഫിഷ് മാർക്കറ്റുകൾ, ചിക്കൻ സ്റ്റാളുകൾ, മെഡിക്കൽ സ്റ്റോറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്‌പെക്ടർമാരും പരിശോധന നടത്തി.

വില്പന വില പ്രദർശിപ്പിക്കാത്തവർക്കും അമിത വില ഈടാക്കിയവർക്കും നോട്ടീസ് നൽകി. അവശ്യ സാധനങ്ങൾക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടിയെടുത്തു. കൂടുതൽ വില ഈടാക്കിയ വ്യാപാരികൾക്ക് കുറക്കുന്നതിന് കർശന നിർദ്ദേശം നൽകി. പുതുക്കിയ വില വിലവിവര പട്ടികകളിൽ രേഖപ്പെടുത്തുകയും ചെയ്‌തു.

പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ശ്രീജ. എൻ.കെ, റേഷനിംഗ് ഇൻസ്‌പെക്ടർ സി. സദാശിവൻ, കെ. ബാലകൃഷ്ണൻ, ജീവനക്കാരനായ പി.കെ. മൊയ്‌തീൻ കോയ എന്നിവർ പങ്കെടുത്തു. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും തടയുന്നതിനായി കർശന പരിശോധനകൾ തുടരുമെന്ന് താലുക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.