പേരാമ്പ്ര: ലോക്ക് ഡൗൺ നിരീക്ഷണം പേരാമ്പ്രയിൽ ശക്തമാക്കി. ഗ്രാമ മേഖലകളിൽ കൊവിഡ് രോഗികളുടെ വിവരം സ്ഥിരീകരിച്ചതോടെ പൊലീസും ആരോഗ്യ പ്രവർത്തകരും പ്രവർത്തനം ഊർജിതമാക്കി. അനാവശ്യമായി കറങ്ങിനടക്കുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസം ഡ്രോൺ കാമറ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു . നൊച്ചാട് ഗ്രാമപഞ്ചായത്ത് പത്താംവാർഡ് ആർ.ആർ.ടി ഗ്രൂപ്പിനു കീഴിൽ രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മ വെള്ളിയൂർ വാർഡിലെ അംഗങ്ങളിൽ നിന്ന് ശേഖരിച്ച അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി .
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. കഞ്ഞിക്കണ്ണൻ വളണ്ടിയർമാർക്ക് കൈമാറി. വാർഡ് മെമ്പർ ഷിജി കൊട്ടാറക്കൽ, അഡ്വ.അനിൽകുമാർ, വി .എം .അഷറഫ്, എൻ .ഹരിദാസ്, എടവന സുരേന്ദ്രൻ, ആർ .പി. രവീന്ദ്രൻ, എസ് .രമേശ്, ഖാദർ വെള്ളിയൂർ, വി.പി. നസീർ എന്നിവർ പങ്കെടുത്തു. പേരാമ്പ്ര മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടകൾ അടച്ചതിനാൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കച്ചവടക്കാർക്ക് ഭക്ഷണ കിറ്റ് നൽകി. ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡ് കൈപ്രം കരിങ്ങാറ്റി ലക്ഷം വീട് കോളനി വാസികൾക്ക് സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുറഹിമാൻ പുത്തൻപുരയിൽ കിറ്റ് വാർഡ് കൺവീനർ കെ.എം.സുധാകരന് നൽകി ഉദ്ഘാടനം ചെയ്തു.