രാമനാട്ടുകര: സി.പി.ഐ രാമനാട്ടുകര ലോക്കൽ കമ്മിറ്റി അംഗവും കോടമ്പുഴ ബ്രാഞ്ചു സെക്രട്ടറിയുമായ പി.എം. ഷെറീഫിനെ മർദ്ദിച്ച കേസിൽ എസ്.ഐ എം.സി. ഹരീഷിനെ സ്ഥലം മാറ്റി. സി.പി.ഐ രാമനാട്ടുകര ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രി, ഡി.ഐ.ജി, ജില്ലാ കളക്ടർ, പൊലീസ് കമ്മീഷണർ എന്നിവർക്ക് പരാതിയിലാ നടപടി.
സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. സുരേഷ് ബാബു എന്നിവർ പ്രശ്നത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ 11.30ന് കോടമ്പുഴ അങ്ങാടിയിൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ സഹായിക്കുന്നതിനിടെയാണ് വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഷെറീഫിനെ മർദ്ദിച്ചത്. കാലിനും കൈയ്‌ക്കും സാരമായ പരിക്കേറ്റ ഷെറീഫിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.
ഞായറാഴ്ച വൈകിട്ട് സി.പി.ഐ ജില്ലാക്കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, മണ്ഡലം സെക്രട്ടറി ബാബുരാജ് നരിക്കുനി, രാമനാട്ടുകര ലോക്കൽ കമ്മിറ്റി സെക്രട്ടറി മജീദ് വെൺമരത്ത്, കമ്മിറ്റി അംഗം വി.എ. സലിം എന്നിവരുമായി ഫറോക്ക് പൊലീസ് ഇൻസ്‌പെപെക്ടർ കെ. കൃഷ്ണൻ നടത്തിയ ചർച്ചയിലാണ് എം.സി. ഹരീഷിനെ സ്ഥലം മാറ്റുമെന്ന് അറിയിച്ചത്. ഇതേത്തുടർന്ന് തത്‌കാലം സമരം നിർത്തിവയ്‌ക്കുമെന്ന് സി.പി.ഐ രാമനാട്ടുകര ലോക്കൽ കമ്മിറ്റി സെക്രട്ടറി മജീദ് വെൺമരത്ത് അറിയിച്ചു. എന്നാൽ വകുപ്പു തലത്തിൽ തുടരന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.