കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 730 പേർ കൂടി നിരീക്ഷണത്തിൽ. ജില്ലയിൽ 11588 പേരാണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ രോഗം സ്ഥിരീകരിച്ച 3 പേർ ഉൾപ്പെടെ 9 പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 186 സാമ്പിളുകളാണ്. 38 എണ്ണത്തിന്റെ ഫലം ലഭിക്കുവാൻ ഉണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1064 വാഹനങ്ങളിലായി എത്തിയ 1739 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
കോവിഡ് കെയർ സെന്ററിൽ താമസിച്ചിരുന്ന 169 പേരുടെ ക്വാറന്റൈൻ പിരീഡ് അവസാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവർക്ക് ഇന്ന് വീടുകളിലേക്ക് പോകാനുളള നടപടികൾ സ്വീകരിക്കും.
അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി നിരീക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്. ഹോട്ട് സ്‌പോട്ട് ജില്ലകളിൽ നിന്ന് അവശ്യ സേവനങ്ങൾക്കായി എത്തുന്ന സർക്കാർ ,അർദ്ധ സർക്കാർ സ്വകാര്യ ജീവനക്കാർക്കും അവശ്യ സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ,സഹായികൾ എന്നിവർക്കും ആശുപത്രി ജീവനക്കാർക്കും നിരീക്ഷണകാലയളവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ബാധകമാകില്ലെന്നും കളക്ടർ പറഞ്ഞു.
കർണ്ണാടകയിൽ കൃഷിചെയ്യുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കും
കൽപ്പറ്റ: കർണാടകയിൽ ഇഞ്ചി, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കളക്‌ട്രേറ്റിൽ നടന്ന കോവിഡ് 19 അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാകളക്ടർ ചാമരാജ് ജില്ലാ കളക്ടറുമായി ചർച്ച നടത്തി ഉടൻ പരിഹാരം കണ്ടെത്തും.
മരുന്ന് ലഭിക്കാൻ പൊലീസ് സഹായം
ജില്ലയിലെ അടിയന്തിര ഘട്ടത്തിൽ മരുന്ന് ആവശ്യമുള്ള രോഗികൾക്ക് പൊലീസിന്റെ സഹായത്തോടെ മരുന്ന് എത്തിച്ച് നൽകുന്നതിനുളള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. മരുന്ന് ലഭ്യമാക്കേണ്ട സ്ഥലം വ്യക്തമാക്കിയാൽ പൊലീസ് മരുന്ന് എത്തിക്കും.
ജില്ലാ ആസ്പത്രിയിൽ രണ്ട് വെന്റിലേറ്റർ കൂടി
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ ആസ്പത്രിക്ക് രണ്ട് വെന്റിലേറ്ററുകൾ കൂടിയെത്തി. രാഹുൽ ഗാന്ധി എം.പി അനുവദിച്ച ഫണ്ടിൽ നിന്ന് 11,20,000 രൂപ വിനിയോഗിച്ചാണ് ഇവ വാങ്ങിയത്. മുതിർന്നവർക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പറ്റുന്ന സംവിധാനമുളള വെന്റിലേറ്ററുകളാണിവ. മൈസൂരിൽ നിന്നാണ് ഇവ എത്തിച്ചത്.
(ചിത്രം)
മേപ്പാടിയിൽ റൂട്ട് മാർച്ച് നടത്തി
മേപ്പാടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മേപ്പാടി പൊലിസ് സ്റ്റേഷൻ മുതൽ മൂപ്പൈനാട് ജംഗ്ഷൻ വരെ പൊലിസ് റൂട്ട് മാർച്ച് നടത്തി. ജില്ലാ പൊലിസ് മേധാവി ആർ. ഇളങ്കോ, അഡീഷണൽ എസ്. പി വി.ഡി വിജയൻ, ഡിവൈ.എസ്. പി ടി.പി.ജേക്കബ്, എസ്.എച്ച്.ഒ പദംസിംഗ്, സർക്കിൽ ഇൻസ്‌പെക്ടർ റജീന കെ ജോസ്, സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രം)