കോഴിക്കോട്: വീടുകളിൽ ശരിയായ മാലിന്യ സംസ്ക്കരണവും ജല സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ക്യാമ്പയിനുമായി ഹരിത കേരളം മിഷൻ. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളെ തടയുന്നതിന് മാലിന്യ സംസ്‌ക്കരണം കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴുമുതൽ ക്യാമ്പയിൻ ആരംഭിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യ സംസ്ക്കരണം ഉറപ്പുവരുത്തുക, വീടുകളിൽ ശരിയായ മാലിന്യ സംസ്‌കരണ രീതികൾക്കുള്ള ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.
മഴക്കാല പകർച്ച വ്യാധികൾ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കുന്നതിൽ ആരോഗ്യവകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് സഹായകമാകുംവിധം ലോക്ക് ഡൗണിനു ശേഷവും ക്യാമ്പയിൻ മുന്നോട്ടു കൊണ്ടുപോകും.
വീട്ടിലെ ജൈവ മാലിന്യങ്ങളുടെ സംസ്‌കരണ രീതികൾ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ഹരിതകർമ്മ സേനയ്ക്ക് കൈമാറാനായി അജൈവ മാലിന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ചെറിയ ശേഖരണ സംവിധാനങ്ങൾ (മൈക്രോ എം.സി.എഫ്) വീടുകളിൽ സജ്ജമാക്കൽ, വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കൽ, നല്ല ശുചിത്വ ശീലങ്ങൾ പാലിക്കൽ, എലികൾ പെരുകുന്ന സാഹചര്യം തടയൽ, മലിനജലം ഉപയോഗിക്കുന്നത് ഒഴിവാക്കൽ, ജലം കരുതലോടെ ഉപയോഗിക്കൽ, പച്ചക്കറിക്കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ.
അഴുകുന്ന മാലിന്യങ്ങൾ ബയോ കമ്പോസ്റ്റിംഗ്, കുഴിക്കമ്പോസ്റ്റിംഗ്, പച്ചക്കറിക്കും മറ്റു വിളകൾക്കും വളമായി ചേർക്കൽ തുടങ്ങിയ രീതികളിലൂടെ സംസ്‌കരിക്കണം. പ്ലാസ്റ്റിക്, ഇലക്ട്രോണിക് വസ്തുക്കൾ പോലുള്ള മണ്ണിൽ ലയിക്കാത്ത മാലിന്യങ്ങൾ തരം തിരിച്ച് വീടുകൾ ശേഖരിക്കണം.
വീട്ടിലും വളപ്പിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. മാലിന്യ സംസ്ക്കരണം സംബന്ധിച്ച സംശയനിവാരണത്തിന് ഹരിത കേരളം ജില്ലാകോ ഓർഡിനേറ്റർമാരെ ബന്ധപ്പെടാം.
കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് ഹരിത കേരളം മിഷൻ രൂപം നല്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ, കുടുംബശ്രീ വാട്സ് ആപ്പ് ഗ്രൂപ്പുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, യൂത്ത് വളണ്ടിയർമാർ എന്നിവയിലൂടെ ബോധവത്കരണവും ഇടപെടലും നടത്തും.