സുൽത്തൻ ബത്തേരി : മീനത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വസമേകികൊണ്ട് ഇന്നലെ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മഴ പെയ്തു. ഇടിയോടുകൂടിയ മഴയും ആലിപ്പഴവർഷവും മിക്കസ്ഥലങ്ങളിലും ഉണ്ടായി.
കഴിഞ്ഞ രണ്ട് ആഴ്ചയായി വേനൽ ചൂടിന്റെ കാഠിന്യം ശക്തിയാർജിച്ചുവരുകയായിരുന്നു. ഞായറാഴ്ച ജില്ലയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റോടുകൂടി മഴ പെയ്തിരുന്നു. ഇന്നലെ ജില്ലയുടെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴ ഉണ്ടാകുമെന്ന് കലാവസ്ഥ മുന്നറിയിപ്പ് നൽകുകയും ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് മഴ ജില്ലയുടെ മിക്കഭാഗങ്ങളിലും തിമർത്ത് പെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിൽ മഴ ലഭിച്ചതോടെ കർഷകർ കൃഷിപണികളുമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങി.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീടിന് പുറത്ത് ഇറങ്ങാതിരുന്ന കർഷകരാണ് ഇന്നലെ മുതൽ അവരവരുടെ പറമ്പുകളിൽ പച്ചക്കറി, ഇഞ്ചി,ചേന തുടങ്ങിയ കൃഷികൾ വിളവിറക്കുന്നതിനായി ഇറങ്ങിയത്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ മുൻകരുതൽ നടപടി സ്വീകരിച്ചാണ് സ്വന്തം കൃഷിയിടത്തിലിറങ്ങുന്നത്.