img202004

മുക്കം: ഭക്ഷണം കിട്ടുന്നില്ലെന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വ്യാജ പരാതി പൊലീസിനെയും കമ്മ്യൂണിറ്റി കിച്ചൺ നടത്തുന്നവരെയും വട്ടംകറക്കുന്നു. തൊഴിലുടമകളും ഇവർ താമസിക്കുന്ന കെട്ടിട ഉടമകളും ഭക്ഷണം നൽകുന്ന കാര്യം മറച്ചുവെച്ചാണ് പലരും 'വിശപ്പ് തന്ത്രം' മെനയുന്നത്. കഴിഞ്ഞ ദിവസം മുക്കം പൊലീസ് സ്റ്റേഷനിലെത്തിയ ഒരു സംഘം അന്യ സംസ്ഥാന തൊഴിലാളികളുടെ പരാതി പ്രകാരം ഇവർ താമസിക്കുന്ന സ്ഥലത്ത് ഭക്ഷണക്കിറ്റുമായെത്തിയ നഗരസഭ അധികൃതർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ചോറും കോഴിക്കറിയും കോഴിമുട്ടയും ഉൾപ്പെടെ വലിയ പാത്രങ്ങളിൽ അടച്ചുവച്ചിരിക്കുകയായിരുന്നു. രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും സംഭരിച്ചു വച്ചിട്ടുണ്ട്. ഹോട്ടൽ തൊഴിലാളികളായ ഒമ്പതു പേർ താമസിക്കുന്ന സ്ഥലത്തെത്തിയ നഗരസഭ കൗൺസിലറും ഹെൽത്ത് ഇൻസ്പെക്ടറും ഹോട്ടലുടമയിൽ നിന്ന് പരാതി സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് ഹോട്ടലിന് മുകളിൽ താമസം ഒരുക്കിയതിനു പുറമെ ഭക്ഷണവും നൽകുന്നുണ്ടെന്ന് വ്യക്തമായത്. മറ്റൊരു ക്യാമ്പിലും സമാന സംഭവമുണ്ടായതായി കമ്മ്യൂണിറ്റി കിച്ചൺ ചുമതലയുള്ള നഗരസഭ കൗൺസിലർ പി.ടി ബാബു പറഞ്ഞു. മുക്കം മുസ്ലിം ഓർഫനേജ് പരിസരത്ത് താമസിക്കുന്ന ജാർഘണ്ടുകാരായ തൊഴിലാളികൾ ഭക്ഷണം കിട്ടുന്നില്ലെന്ന് അവരുടെ നാട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് കളക്ടറുടെ നിർദ്ദേശമനുസരിച്ച് മുക്കം നഗരസഭാധികൃതർ ഇവരുടെ താമസ സ്ഥലത്തെത്തിയപ്പോൾ ആവശ്യത്തിന് ഭക്ഷണവും ഭക്ഷ്യവസ്തുക്കളും കാണാനിടയായി. ചില കേന്ദ്രങ്ങളിൽ വ്യാജ പരാതി പറയാൻ തൊഴിലുടമകൾ പ്രേരിപ്പിക്കുന്നതായും വിവരമുണ്ട്. ഇത്തരം കബളിപ്പിക്കൽ തുടരുന്ന സാഹചര്യത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.