covid

കോഴിക്കോട്: ഞായറാഴ്‌ച അഞ്ച് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോടിന് ഇന്നലെ ആശ്വാസ ദിനമായിരുന്നു. ഇന്നലെ ജില്ലയിൽ ഒരാൾക്കും പുതുതായി രോഗം സ്ഥിരീകരിച്ചില്ല. ജില്ലയിൽ 21,934 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഇന്നലെ വന്ന 13 പേരുൾപ്പെടെ ആകെ 35 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജിൽ 33 പേരും ബീച്ച് ആശുപത്രിയിൽ രണ്ടു പേരുമാണുള്ളത്. 11 പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്‌തു.

21 സ്രവ സാമ്പിൾ പരിശോധനയ്‌ക്കയച്ചു. ആകെ 377 സ്രവ സാംപിളുകൾ പരിശോധനയ്‌ക്കയച്ചതിൽ 346 എണ്ണത്തിന്റെ ഫലം ലഭിച്ചു. 331 എണ്ണം നെഗറ്റീവാണ്. ജില്ലയിൽ സ്ഥിരീകരിച്ച 12 പോസിറ്റീവ് കേസുകളിൽ മൂന്ന് പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച മൂന്ന് ഇതര ജില്ലക്കാരിൽ ഒരാളും രോഗമുക്തനായി. ഒമ്പത് കോഴിക്കോട് സ്വദേശികളും രണ്ട് മറ്റ് ജില്ലക്കാരുമാണ് ചികിത്സയിലുള്ളത്. 31 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

 നിസാമുദ്ദീനിൽ പോയവർ റിപ്പോർട്ട് ചെയ്യണം

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ജില്ലയിലെ ആരെങ്കിലും ഇത് വരെ റിപ്പോർട്ട് ചെയ്യാത്തവരായിട്ടുണ്ടെങ്കിൽ ഉടൻ ജില്ലാ മെഡിക്കൽ ഓഫീസിലെ കൊറോണ നിയന്ത്രണ സെല്ലിൽ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഫോൺ 0495 2376063, 2371471.

 ജാഗ്രത യോഗം ചേർന്നു

ഞായറാഴ്ച പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനതല ജാഗ്രത സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. വീടുകളിൽ നിരീക്ഷണം ശക്തമാക്കും. വാർഡ്തല ബോധവത്കരണ പ്രവർത്തനങ്ങളും ലഘുലേഖ വിതരണവും നടത്തി.

ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ മാനസിക സംഘർഷം കുറയ്‌ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 19 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 48 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന് ഫോണിലൂടെ സേവനം നൽകി.

സോഷ്യൽ മീഡിയയിലൂടെയുള്ള ബോധവത്കരണവും തുടരുന്നുണ്ട്. വാട്‌സ്ആപ്പിലൂടേയും എൻ.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ചെറുവാടി, പന്നിക്കോട്, കൊടിയത്തൂർ പഞ്ചായത്ത് പരിധിയിൽ മൈക്ക് പ്രചാരണം നടത്തി.