കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി എ. പ്രദീപ്കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് കൊറോണറി കെയർ സെന്ററാക്കിയ പശ്ചാത്തലത്തിൽ മറ്റു രോഗികളെ ചികിത്സിക്കാൻ ബീച്ച് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ മെഡിസിൻ, സർജറി, ഓർത്തോ, ഇ.എൻ.ടി, അനസ്‌തേഷ്യ വിഭാഗങ്ങളിൽ ഡി.എം.ഒ നിയമിച്ചിട്ടുണ്ട്. ഇവരുടെ മുഴുവൻ സമയ സേവനം ഉറപ്പാക്കും. മെഡിക്കൽ കോളേജിൽ കൊവിഡ് കേസുകൾ കൂടിയാൽ ബീച്ച് ആശുപത്രിയെയും കൊവിഡ് കെയറാക്കും.
കൂടുതൽ വെന്റിലേറ്ററുകളും മോണിറ്ററുകളുമൊരുക്കി കാർഡിയോളജി ഐ.സി.യു ഈ ആഴ്ചയോടെ സജ്ജമാക്കും. നാഷണൽ ഹെൽത്ത് മിഷൻ മുഖേന കാർഡിയോളജിസ്റ്റിനെ നിയമിക്കാനുള്ള ശ്രമവുമുണ്ട്. ഓപറേഷൻ തിയേറ്ററുകളും ശസ്ത്രക്രിയനന്തരാ വാർഡുകളും ഒരുക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ എം.എൽ.എ നേതൃത്വം നൽകും. വിഗാർഡ് ഗ്രൂപ്പ് നൽകിയ മൂന്ന് വെന്റിലേറ്ററുകൾ പ്രദീപ് കുമാർ എം.എൽ.എ ആശുപത്രി സൂപ്രണ്ടിന് കൈമാറി. ഡി. എം.ഒ ഡോ.വി. ജയശ്രീ, എൻ.എച്ച്.എം.ഡി.പി.എം ഡോ നവീൻ, ആശുപത്രി സൂപ്രണ്ട് ഡോ.വി ഉമ്മർ ഫാറൂഖ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.