കൽപ്പറ്റ: കോവിഡ്-19 മഹാമാരി വ്യാപിക്കാതിരിക്കാൻ വേണ്ടി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലോക്ക്-ഡൗണിന്റെ പശ്ചാത്തലത്തിൽ പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന ആളുകൾക്കായി ഹൈവേ പൊലീസിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് സംസ്ഥാനതലത്തിൽ ജീവൻ രക്ഷാമരുന്നുകൾ ഇനിമുതൽ പൊലീസ് വകുപ്പ് എത്തിച്ചു നൽകും.
ഇതിന്റെ ഭാഗമായി വയനാട് ജില്ലയിൽ ഈ സേവനം ഇന്നലെ ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ലഭ്യമല്ലാത്ത മരുന്നുകൾ മറ്റു ജില്ലകളിൽ നിന്ന് കൊണ്ടുവരുന്നതിന് ഡോകടറുടെ കുറിപ്പടി അവരവരുടെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചും മറ്റു ജില്ലകളിലേക്ക് അയയ്ക്കേണ്ട അവശ്യമരുന്നുകൾ ബന്ധപ്പെട്ട സ്‌റ്റേഷനിൽ എത്തിച്ചും ഈ സേവനം പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
ഈ മരുന്നുകളെല്ലാം ശേഖരിച്ച് വൈകീട്ട് 6 മണിയോടെ ഹൈവേ പൊലീസിനെ ഉപയോഗിച്ച് ജില്ലാ അതിർത്തിയായ ലക്കിടിയിൽ എത്തിച്ച് കോഴിക്കോട് ഹൈവേ പൊലീസിനെ ഏൽപ്പിക്കുകയും ജില്ലയിലേക്കുള്ള മരുന്നുകൾ വാങ്ങി രാത്രി 8 മണിയോടെ ഹൈവേയിൽ പ്രവർത്തിക്കുന്ന വൈത്തിരി കൽപ്പറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി എന്നീ പൊലീസ് സ്‌റ്റേഷനുകളിൽ എത്തിച്ച് നൽകുകയും ചെയ്യും. അവിടെ നിന്ന് മറ്റുള്ള സ്‌റ്റേഷനുകളിലെ വാഹനങ്ങൾ വന്ന് കൊണ്ടുപോകുന്ന തരത്തിലാണ് ഈ സേവനം ക്രമീകരിച്ചിരിക്കുന്നത്.
ജീവൻരക്ഷാ മരുന്നുകൾ ആവശ്യമുള്ളവർ മാത്രമേ ഈ സേവനം ഉപയോഗപ്പെടുത്താവൂ എന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.