salary

കോഴിക്കോട്: ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥയിലാണ് മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ. ഒന്നര വർഷമായി ശമ്പളമില്ലാതിരുന്ന ഇവർ കൊവിഡിന്റെ വരവോടെ പട്ടിണിയിലുമായി.

ഇരുപത് ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങളിലെ 4800 ജീവനക്കാരാണ് ബോർഡിന് കീഴിലുള്ളത്. പാരമ്പര്യ ട്രസ്റ്റികളും ദേവസ്വം ബോർഡും തുല്യമായി പണമെടുത്ത് ഇവർക്ക് ശമ്പളം കൊടുക്കണമെന്നാണ് വ്യവസ്ഥ. ശമ്പളം മുടങ്ങിയതോടെ ദക്ഷിണയായി കിട്ടുന്ന വരുമാനത്തിലായിരുന്നു ഇവരുടെ ജീവിതം. കോവിഡ് വന്നതോടെ അതും മുടങ്ങി.

 ദേവസ്വം ബോർഡ് കനിയുന്നില്ല

ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ നല്ലാരു ശതമാനം ജീവനക്കാർക്കും ഒന്നരവർഷമായി ശമ്പളമില്ല. ബോർഡിന്റെ ഗ്രാൻഡ് കിട്ടാത്തതിനാൽ കുറഞ്ഞ തുകയാണ് ക്ഷേത്രഭരണം കൈയാളുന്ന ട്രസ്റ്റികൾ നൽകുന്നത്. പല ട്രസ്റ്റികളും നഷ്ടക്കഥ പറഞ്ഞ് ശമ്പളവും നൽകുന്നില്ല. ഇതേത്തുടർന്ന് ദക്ഷിണയും നിവേദ്യവും കൊണ്ട് മുന്നോട്ട് പോകുന്നതിനിടെയാണ് കൊവിഡ് കാരണം ക്ഷേത്രങ്ങളിൽ ദർശനം നിരോധിച്ചത്. ഇതോട പല കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്.

മലബാർ ദേവസ്വം ബോർഡിൽ 27 കോടിയുടെ ഫണ്ടുണ്ട്. പട്ടിണിയിലായിരിക്കെ ശമ്പള കുടിശ്ശികയെങ്കിലും ലഭിച്ചാൽ പട്ടിണിമാറുമെന്നാണ് ജീവനക്കാർ പറയുന്നത്.

 ഉത്സവങ്ങൾ തിരിച്ചടിച്ചു

ശബരിമല പ്രക്ഷോഭം മുതലാണ് മലബാർ ദേവസ്വം ബോർഡിന് തിരിച്ചടി ഉണ്ടായത്. ഭക്തർ നൽകുന്ന കാണിക്കയിലും വഴിപാടിലും വലിയ കുറവുണ്ടായി. എന്നാൽ കഴിഞ്ഞ ശബരിമല സീസൺ സമാധാനമായി അവസാനിച്ചതോടെ ദേവസ്വം ബോർഡും തിരിച്ചു വരവിന്റെ പാതയിലായി. ഉത്സവകാലത്ത് സാമ്പത്തിക പുരോഗതിയുണ്ടാകുമെന്നായിരുന്നു ബോർഡിന്റെ പ്രതീക്ഷ. എന്നാൽ കൊവിഡിന്റെ വരവ് ഈ പ്രതീക്ഷയ്‌ക്ക് ഇരുട്ടടിയായി.

'ക്ഷേത്രവരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരെ മലബാർ ദേവസ്വം ബോർഡും കൈവിട്ട സ്ഥിതിയാണ്".

- വിനോദ്, കോഴിക്കോട് വരക്കൽ ദുർഗാദേവീ ക്ഷേത്രത്തിലെ ജീവനക്കാരൻ