kunnamangalam-news

കുന്ദമംഗലം: നാടകത്തിന്റെ അരങ്ങിലായാലും സിനിമാ സെറ്റിലായാലും ബഹളങ്ങളൊട്ടുമില്ലാത്ത നടനായിരുന്നു ശശി കലിംഗ. ഒടുവിൽ അന്ത്യയാത്രയും ആൾക്കൂട്ടത്തിന്റെ തിരക്കൊന്നുമില്ലാതെ തന്നെയായി. കുന്ദമംഗലത്തിനടുത്ത് പിലാശ്ശേരിയിലെ പന്തലങ്ങൽ വീട്ടിൽ അന്ത്യോപചാരം അർപ്പിക്കാനെത്തിയത് അടുത്ത കുറച്ച് ബന്ധുക്കൾ മാത്രം. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ നാട്ടുകാർക്കോ, ചങ്ങാതിമാർക്കോ, നാടക - സിനിമാ രംഗത്തെ സഹപ്രർവത്തകർക്കോ അവസാനമായി ഒന്നു കാണാൻ വന്നുചേരാനായില്ല.

കുന്ദമംഗലത്തുകാർ ശശി കലിംഗയെ അടുത്തറിയാൻ തുടങ്ങിയത് പത്ത് പന്ത്രണ്ട് വർഷം മുമ്പാണ്. പിലാശ്ശേരി വാഴപ്പറമ്പിലെ പന്തലങ്ങൽ പ്രഭാവതിയെ വിവാഹം കഴിച്ചതിന് പിറകെ ഇവിടെ സ്വന്തം വീട് വെച്ച് താമസിക്കുകയായിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരോടും അടുത്ത് ഇടപഴകിയ ശശി പെട്ടെന്ന് ഇന്നാട്ടുകാരിലൊരാളായി മാറി.

പേര് ചന്ദ്രകുമാർ എന്നാണെങ്കിലും ശശി എന്ന വിളിപ്പേര് തന്നെയാണ് പിന്നീട് കലിംഗയും ചേർന്ന് പതിഞ്ഞുവീണത്. പത്താംക്ലാസ് കഴിഞ്ഞ് സെൻട്രൽ ടെക്‌നിക്കൽ കോളേജിലെ പഠനവും പൂർത്തിയാക്കിയ ശേഷമാണ് അമ്മാവനായ പ്രശസ്ത നാടകപ്രവർത്തകൻ വിക്രമൻനായരുടെ സ്റ്റേജ് ഇന്ത്യയ്ക്കൊപ്പം കൂടുന്നത്. ട്രൂപ്പിന്റെ രണ്ടാമത്തെ നാടകം 'സാക്ഷാത്കര' ത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു.

'തകരച്ചെണ്ട' യിലെ ആക്രിക്കച്ചവടക്കാരൻ പളനിച്ചാമിയുടെ വേഷത്തിലായിരുന്നു സിനിമയിലെ അരങ്ങേ​റ്റം. നാടകരംഗത്ത് തിളങ്ങിയ ശശി സിനിമയിൽ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. പാലേരി മാണിക്യം, കേരള കഫേ, വെള്ളിമൂങ്ങ,ആമേൻ, ഗദ്ദാമ, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഇന്ത്യൻ റുപ്പീ, അമർ അക്ബർ ആന്റണി, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായി. സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ് ' എന്ന സിനിമയിൽ നായകനുമായി.

ഹോളിവുഡ് സിനിമയിൽ വേഷമിടാൻ ഭാഗ്യം ലഭിച്ചത് ഗദ്ദാമ എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി ഗൾഫിലെത്തിയപ്പോഴാണ്. സ്​റ്റീവൻ സ്‌പീൽബർഗ് നിർമ്മിച്ച സിനിമയിൽ യൂദാസിനെയാണ് അദ്ദേഹം അവതരിപ്പിച്ചത്.