v

കോഴിക്കോട്: സമൃദ്ധിയുടെ കണിവെള്ളരി വിളഞ്ഞ് സ്വർണ്ണ വർണ്ണം തൂകിയിട്ടും മുഖംതെളിയാതെ കർഷകർ. കൊവിഡ് -19ന്റെ കെടുതിയിൽ പണിയും പണവുമില്ലാതായ നാട്ടിൽ എങ്ങിനെ വിറ്റുതീർക്കുമെന്ന ചിന്ത കർഷകരെ അലട്ടുകയാണ്. വിഷുവിന് കണി നിരത്തുന്നതിൽ പ്രധാനമാണ് കണിവെള്ളരി. അതിനാൽ മാസങ്ങൾ മുമ്പ് വിത്ത് പാകി നനച്ചു വളർത്തുന്ന വെള്ളരി വിളവെടുത്ത് മാർക്കറ്റിൽ എത്തിക്കുകയാണ് കർഷകരുടെ പതിവ്. കൃഷിയിടത്തിൽ നിന്ന് മൊത്തമായി വാങ്ങി വിപണിയിലെത്തിക്കുന്ന സ്ഥാപനങ്ങളും ഉണ്ടായിരുന്നു. പാളയം മാർക്കറ്റിൽ മാത്രം കിലോക്കണക്കിന് വെള്ളരിയാണ് പോയിരുന്നത്. എന്നാൽ ലോക്ക് ഡൗണിൽ വിഷു ആഘോഷവും ലോക്കായതോടെ ആവശ്യക്കാർ എത്രയുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല. കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ വിളവാണ് ഇത്തവണയുണ്ടായതെന്ന സങ്കടവും കർഷകർക്കുണ്ട്. കഴിഞ്ഞ വർഷം കിലോയ്ക്ക് 40 രൂപയായി 10, 000 കിലോ കണി വെള്ളരി വിറ്റ പെരുവയൽ മനക്കൽ പുതിയോട്ടിൽ ജയപ്രകാശിന് ഇപ്രാവശ്യം ലഭിച്ചത് 4000 കിലോ മാത്രം. വേനൽ മഴ ലഭിക്കാത്തതും കടുത്തചൂടും കൃഷിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ജയപ്രകാശൻ പറയുന്നത്.