s

കോഴിക്കോട്: തെരുവിൽ കഴിയുന്നവർക്കും നഗരത്തിൽ കുടുങ്ങിയവർക്കും വിശപ്പകറ്റാൻ പൊതിച്ചോറുമായി വിയ്യൂരിലെ സനാതന സേവാസമിതി പ്രവർത്തകർ. പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനും മൂന്നു ദിവസം മുമ്പെ കൊയിലാണ്ടി നഗരത്തിൽ തുടങ്ങിയ ഇവരുടെ സേവനം 16 ദിവസം പിന്നിടുകയാണ്. പൊതിച്ചോറിനൊപ്പം കുപ്പിവെള്ളവും ഇവർ നൽകുന്നു. തെരുവിൽ കഴിയുന്നവർക്കു പുറമെ വിയ്യൂർ ഗ്രാമത്തിലെ 50 ഓളം പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റും വിതരണം ചെയ്തു. പൊരിവെയിലിൽ ലോക്ക് ഡൗൺ നടപ്പിലാക്കാൻ പാടുപെടുന്ന പൊലീസുകാർക്ക് ഇളനീർ എത്തിക്കുന്നതിലും ഈ യുവ സംഘം മാതൃകയാണ്. നേരത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മാസ്ക് വിതരണം ചെയ്തിരുന്നു. വിയ്യൂർ കക്കളംവയലിൽ പച്ചക്കറി കൃഷി നടത്തുന്ന കർഷകരും ചില സുഹൃത്തുക്കളും തരുന്ന സാധനങ്ങളും കുപ്പിവെള്ളവുമല്ലാതെ സാമ്പത്തിക സഹായം സ്വീകരിക്കാതെയാണ് ഇവരുടെ പ്രവർത്തനം. സേവാസമിതിയിലെ യുവാക്കളെല്ലാം വിയ്യൂരിലെ ആർ.എസ്.എസ് പ്രവർത്തകരാണെങ്കിലും വിശപ്പിനുമുന്നിൽ കക്ഷി-രാഷ്ട്രീയമില്ലെന്നാണ് ഇവരുടെ പക്ഷം. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.സത്യനാണ് പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്തത്. പി.വി.സംജിത് ലാൽ, അഖിൽ ചന്ദ്രൻ, കെ.എം.അഭിലാഷ്, അതുൽ പെരുവട്ടൂർ, വി.കെ.ലിജിൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.