കോഴിക്കോട്: മലയാള നാടകവേദിയിൽ നിന്ന് സിനിമാ ലോകത്തെത്തിയ പ്രതിഭകളുടെ നിരയിലെ തിളങ്ങുന്ന കണ്ണിയായിരുന്നു ശശി കലിംഗ. തൊണ്ണൂറുകളുടെ അവസാനം സിനിമയിലേക്ക് എത്തിയ ശശി പക്ഷേ, രണ്ടാം വരവിലാണ് ചുവടുറപ്പിച്ചത്.
കാൽ നൂറ്റാണ്ടോളം നാടകരംഗത്ത് നിറഞ്ഞുനിന്ന ശശി അഞ്ഞൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നാടകത്തിന്റെ സംവിധായകനുമായി. കോഴിക്കോട് സി.ടി.സി യിൽ നിന്ന് ഓട്ടോമൊബൈൽ പഠനം കഴിഞ്ഞിറങ്ങിയ ശേഷം അമ്മാവൻ വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യയിൽ സെറ്റ് ഒരുക്കുന്നതിന് സഹായി ആയിട്ടാണ് എത്തുന്നത്. സ്റ്റേജ് ഇന്ത്യയുടെ ആദ്യനാടകമായ 'സൂത്രം' എഴുതിയതും സംവിധാനം ചെയ്തതും വിക്രമൻ നായർ തന്നെ. രണ്ടാമത്തെ നാടകം കെ.ടി.മുഹമ്മദിന്റെ 'സാക്ഷാത്കാര'മായിരുന്നു. വിക്രമൻ നായർ മരുമകന് അതിൽ പൊലീസുകാരന്റെ വേഷം നൽകിയതോടെയാണ് ശശിയുടെ തുടക്കം. തുടർന്നുള്ള നാടകങ്ങളിലെല്ലാം വേഷമുണ്ടായിരുന്നു. പി.എം.താജിന്റെ 'അഗ്രഹാര'ത്തിലെ ശേഷാമണി ഏറെ ജനസമ്മിതി നേടിക്കൊടുത്തു. ഈ നാടകം തൊള്ളായിരിത്തിലേറെ വേദികളിലാണ് കളിച്ചത്. താജിന്റെ അമ്പലക്കാള, അഡ്വ. വെൺകുളം ജയകുമാറിന്റെ ജപമാല, ഗുരു, ക്ഷത്രിയൻ, എഴുത്തച്ഛൻ, ചിലപ്പതികാരം, കൃഷ്ണഗാഥ എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങൾ ചെയ്തു. ജയപ്രകാശ് കൂളൂരിന്റെ ബൊമ്മക്കൊലു, ഭാഗ്യദേവത, സ്വർഗവാതിൽ, അപൂർവനക്ഷത്രം, സ്യമന്തകം, ജമാൽ കൊച്ചങ്ങാടിയുടെ ക്ഷുഭിതരുടെ ആശ എന്നീ നാടകങ്ങളിലും ശശി തിളങ്ങി. രണ്ടായിരത്തിൽ സ്റ്റേജ് ഇന്ത്യ വിട്ട അദ്ദേഹം തുടർന്ന് ആറ്റിങ്ങൽ രചന, തിരുവനന്തപുരം അക്ഷരകല, വടകര സങ്കീർത്തന, വടകര വേദവ്യാസ എന്നീ സമിതികളുമായി സഹകരിച്ചു. തൃശൂർ അഭിനയയുടെ സ്വപ്‌നമുദ്ര എന്ന നാടകമാണ് സംവിധാനം ചെയ്തത്.
1998-ൽ 'തകരച്ചെണ്ട'യിൽ പളനിച്ചാമിയുടെ വേഷത്തിലൂടെ സിനിമാപ്രവേശം നടത്തിയെങ്കിലും പിന്നീട് അവസരങ്ങൾ ഒത്തുവന്നില്ല. 2009ൽ ടി.പി. രാജീവന്റെ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവൽ രഞ്ജിത്ത് അതേപേരിൽ സിനിമയാക്കിയതാണ് ശശിയുടെ രണ്ടാം വരവിന് കളമൊരുക്കിയത്. ശശി കലിംഗ എന്ന പേര് ചാർത്തുന്നതും രഞ്ജിത്ത് തന്നെ. ചിത്രത്തിന് അഭിനേതാക്കളെ കണ്ടെത്താൻ കോഴിക്കോട്ട് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ക്യാമ്പിലുണ്ടായിരുന്ന നടനും സംവിധായകനുമായ വിജയൻ വി. നായരെ കാണാൻ ശശി ഒരു ദിവസം എത്തിയതാണ് വഴിത്തിരിവായത്. അദ്ദേഹം ശശിയെ രഞ്ജിത്തിന് പരിചയപ്പെടുത്തി. തുടർന്നുള്ള ദിവസങ്ങളിൽ ക്യാമ്പിൽ പങ്കെടുക്കാൻ രഞ്ജിത്ത് ശശിയോട് ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പിൽ ശശി എന്ന പേരിൽ നിരവധിപേർ ഉണ്ടായിരുന്നതിനാൽ ഓരോരുത്തരെയും തിരിച്ചറിയാൻ പേരിനൊപ്പം സമിതിയുടെ പേരു കൂടി ചേർക്കാൻ രഞ്ജിത്ത് ഓർമ്മിപ്പിച്ചു. ശശിയുടെ പേരിന്റെ കൂടെ ആരോ കലിംഗ എന്നെഴുതി ചേർത്തു. അങ്ങനെ കെ.ടി മുഹമ്മദിന്റെ നാടക സമിതിയുമായി ഒരു ബന്ധവുമില്ലാത്ത ശശി ആ പേരിലൂടെ പിന്നീട് സിനിമകളിൽ നിറഞ്ഞു. പാലേരി മാണിക്യത്തിലെ ഡിവൈ.എസ്.പി യുടെ കഥാപാത്രത്തിനു ശേഷം കലിംഗ ശശിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സഹദേവൻ ഇയ്യക്കാട് സംവിധാനം ചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയതിയാണ് ' എന്ന സിനിമയിൽ നായകനായും ശശി തിളങ്ങി.