കോഴിക്കോട്: ആകാരത്തിൽ മാത്രമല്ല, അഭിനയത്തിലും സ്വഭാവത്തിലുമെല്ലാം മറ്റുനടന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ശശി കലിംഗ.
ശശിയെ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ അറിയാമായിരുന്നു. പരിചയവുമുണ്ടായിരുന്നു. കോഴിക്കോട്ടെ നാടക പ്രവർത്തകൻ എന്ന നിലയിൽ മാത്രം. എന്നാൽ 'പാലേരി മാണിക്യം' കണ്ടതോടെ എനിക്ക് അദ്ദേഹത്തോട് വലിയ താല്പര്യം തോന്നി. ഞാൻ ശശിയെ വിളിച്ച് അഭിനന്ദിച്ചു. എന്റെ 'പെൺപട്ടണം' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു അത്. ആ സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിച്ചു. ചെറിയ വേഷം മാത്രമെയുള്ളുവെന്നും പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ, എന്റെ അടുത്ത സിനിമയായ 'കുട്ടിമാമ' യിൽ നല്ല വേഷം നൽകാൻ സാധിച്ചു. ചായക്കടക്കാരന്റെ റോളിൽ അദ്ദേഹം തകർത്ത് അഭിനയിക്കുകയും ചെയ്തു.
പച്ചയായ കോഴിക്കോട്ടുകാരനായിരുന്നു ശശി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തോന്നിയത് കഥാപാത്രത്തിന്റെ ഉള്ളറിയാനുള്ള ആകാംക്ഷയായിരുന്നു. സീൻ എടുക്കുന്നതിന് മുമ്പ് കഥാപാത്രത്തെക്കുറിച്ച് എല്ലാ സംശയങ്ങളും ചോദിച്ച് മനസ്സിലാക്കിയിരിക്കും. ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന ഒരു പുതുമുഖത്തിന്റെ ത്രില്ലാണ് എപ്പോഴും. അതുകൊണ്ടു തന്നെ ശശിയുടെ കാര്യത്തിൽ ഒരു പ്രശ്നവുമുണ്ടാവില്ല.സീൻ കഴിഞ്ഞാൽ തിരക്കിൽ നിന്ന് മാറി ഒരു സാധാരണക്കാരനെപ്പോലെ നിൽക്കും. കൃത്യനിഷ്ഠയായിരുന്നു മറ്റൊരു പ്രത്യേകത. പറഞ്ഞ സമയത്ത് അദ്ദേഹം സെറ്റിൽ എത്തിയിരിക്കും. ആ ആത്മാർത്ഥത പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ആരെയും അടുപ്പിച്ച് നിറുത്തുന്ന നർമ്മബോധമായിരുന്നു ശശിയുടേതെന്ന് പറയാതെ വയ്യ. ഒഴിവ് സമയങ്ങളിൽ അദ്ദേഹം വിതറിയ തമാശകൾ പിന്നെയും ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നവയായിരുന്നു.
സുഖിപ്പിക്കാനുള്ള വിളികളോ, അവസരം തേടിയുള്ള വിളികളോ ഒട്ടുമില്ലായിരുന്നു ശശിയ്ക്ക്. ഏല്പിച്ച റോൾ കൃത്യമായി ചെയ്ത ശേഷം മടങ്ങും. അതായിരുന്നു അദ്ദേഹത്തിന്റെ രീതി.
വല്ലാത്ത സമയത്തായി അദ്ദേഹത്തിന്റെ വിടവാങ്ങൽ. ആ വലിയ നടന് അർഹിക്കുന്ന ആദരം നൽകാൻ കഴിഞ്ഞില്ലല്ലോയെന്ന് ഓർക്കുമ്പോൾ വലിയ സങ്കടം തോന്നുന്നു.