സംഭരിച്ചത് 61 ടൺ ഉൽപന്നങ്ങൾ
മാനന്തവാടി: ലോക്ക് ഡൗണിൽ കുടുങ്ങിയ കർഷകർക്കൊപ്പം നിൽക്കുകയാണ് തവിഞ്ഞാൽ കൃഷിഭവൻ. സർക്കാർ സംവിധാനങ്ങളുടെയും പ്രാദേശിക കച്ചവടക്കാരുടെയും സഹകരണത്തോടെ പച്ചക്കറികളും വാഴക്കുലകളും സംഭരിച്ച് ജില്ലയ്ക്കകത്തും പുറത്തും വിതരണം ചെയ്യുകയാണ് കൃഷിഭവനിലെ ഉദ്യോഗസ്ഥർ
വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറികളും നേന്ത്രവാഴയും കൃഷി ചെയ്യുന്ന പഞ്ചായത്താണ് തവിഞ്ഞാൽ. ഇവയുടെ വിളവെടുപ്പ് കാലത്താണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കപെട്ടത്. മാർച്ച് 23 മുതൽ കഴിഞ്ഞ നാലാം തിയതി വരെ 61 ടൺ കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്തു. യവനാർകുളത്ത് പ്രവർത്തിക്കുന്ന വി.എഫ്.പി.സി.കെ, പേരിയ ഇക്കോ ഷോപ്പ്, ഇരുമനത്തൂർ എ ഗ്രേഡ് ക്ലസ്റ്റർ, പഞ്ചായത്തിലെ പച്ചക്കറി പ്രാദേശിക മൊത്തകച്ചവടക്കാർ എന്നിവർ ചേർന്ന് ഉൽപന്നങ്ങൾ സംഭരിച്ച് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലേക്ക് അയച്ചു.
കർഷകരിൽ നിന്ന് ഉൽപന്നങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് കച്ചവടക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്. സമൂഹ അടുക്കളയിലേക്ക് വേണ്ട പച്ചക്കറികളും നൽകുന്നുണ്ട്. പ്രിൻസിപ്പൽ കൃഷി ഓഫീസർ ശാന്തി, മാർക്കറ്റിംഗ് അസി ഡയറക്ടർ അജയ് അലകസ്, കൃഷി ഓഫീസർ സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്റവർത്തനം.
തവിഞ്ഞാൽ പഞ്ചായത്തിനു മാത്രമായി ഹോർട്ടികോർപ്പ് സംഭരണ സെന്റർ പേരിയയിൽ ആരംഭിട്ടുണ്ട്.12 മുതൽ പേരിയയിൽ ഇക്കോ ഷോപ്പിന്റെ സഹകരണത്തോടെ പേരിയ സഹകരണ ബാങ്കാണ് ഉൽപന്നങ്ങൾ ശേഖരിച്ച് ഹോർട്ടി കോർപിന് കൈമാറുക.