കുറ്റ്യാടി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുടുംബങ്ങളൊക്കെയും വീടുകളിലൊതുങ്ങിയപ്പോൾ കൈത്താങ്ങായി എത്തുന്ന സന്നദ്ധപ്രവർത്തകർക്കൊപ്പം ഷമീർ മാഷുമുണ്ട്. മറ്റുള്ളവർ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളുമായി നീങ്ങുമ്പോൾ പരമാവധി ചക്ക ശേഖരിച്ച് വിതരണം ചെയ്യുകയാണ് ഷമീർ മാഷും കൂട്ടരും. ചക്ക വിശേഷം വിളമ്പാൻ മറക്കുന്നുമില്ല. മരുതോങ്കര അടുക്കത്ത് എം.എ.എം യു.പി സ്കൂൾ അദ്ധ്യാപകനായ ഇദ്ദേഹം തുടക്കത്തിൽ വീട്ടുപറമ്പിലെയും പരിസരങ്ങളിലെയും ചക്കകൾ ശേഖരിച്ചാണ് ആദ്യം വിതരണം ചെയ്തത്. കുന്നുമ്മൽ പഞ്ചായത്തിലെ പൊട്ടകുളങ്ങര എസ്.പി കോളനിയിലെ 13 വീടുകളിൽ കഴിഞ്ഞ ദിവസം ഷമീറും സഹായി എൻ.കെ. റഹീസും ചേർന്ന് ഓരോ ചക്ക വീതമെത്തിക്കുകയായിരുന്നു.
ഭക്ഷ്യസാധനങ്ങൾക്ക് പ്രയാസം നേരിടുന്ന കോളനികളിൽ വരുംദിവസം ചക്കയെത്തിക്കുമെന്ന് ഷമീർ പറഞ്ഞു.