ബാലുശ്ശേരി: കൊവിഡിനെ തുരത്താനുള്ള ലോക്ക് ഡൗൺ കാലത്ത് മൊട്ടയടിക്കാരുടെ നിര നീളുകയാണ്. നാട്ടിൻപുറങ്ങളിലെ യുവാക്കളും കുട്ടികളുമാണ് സ്റ്റൈലൻ ക്രോപ്പിന് വകുപ്പില്ലാതായതോടെ മൊട്ടയടിയിലേക്ക് തിരിഞ്ഞത്. ട്രിമ്മറാണ് ഇതിന് ആശ്രയം. പരസ്പരം പരീക്ഷിച്ചാണ് സൗജന്യ സർവിസ്.
ലോക്ക് ഡൗൺ വന്നതോടെ ബാർബർ ഷോപ്പുകളും അടഞ്ഞപ്പോൾ മുടിവെട്ടിന് സമയമെത്തിയവരെല്ലാം ശരിക്കും കുഴങ്ങി. ഏതായാലും ന്യൂജെൻ കട്ടിംഗ് പെട്ടെന്ന് നടക്കില്ലെന്നിരിക്കെ യുവാക്കൾ പലരും മൊട്ട പരീക്ഷണത്തിലേക്ക് തിരിയുകയായിരുന്നു. അതു പിന്നീട് കുട്ടികളിലേക്കും പടർന്നു. ഇനി ലോക്ക് ഡൗൺ നീട്ടി കഴിയുമ്പോഴേക്കും മുടി തഴച്ചു വളരുമല്ലോ എന്ന് ആശ്വസിക്കുന്നുമുണ്ട് ഇക്കൂട്ടർ.
ഹെയർ ഡ്രസിംഗ് അത്യാവശ്യം സ്വയം ചെയ്തുവരുന്നവർക്ക് ഓൺലൈൻ വിപണിയിൽ നിന്ന് വരുത്തിവെച്ച ട്രിമ്മർ ആയുധമായുണ്ട്. ഇത് സ്റ്റോക്കുള്ളവർക്ക് ഡിമാൻഡ് ഏറെയാണ്. ഏതാണ്ട് ആയിരം രൂപ വില വരുന്ന ട്രിമ്മറിൽ അഡ്‌ജസ്റ്റ് ചെയ്യാൻ കഴിയുമെന്നതിനാൽ ചങ്ങാതിമാർ പരസ്പരം മൊട്ടയടിച്ച് സഹായിക്കുകയാണ്. വീടുകളിലാണെങ്കിൽ മുതിർന്നവരുണ്ട് കുട്ടികളുടെ തല ക്ലീനാക്കാൻ.
സാധാരണ ഗതിയിൽ മുടി വെട്ടാൻ ചാർജ്ജ് 80 - 90 രൂപയാണ്. ഷേവിംഗും കൂടിയാവുമ്പോൾ 140 രൂപ മിനിമം. മൊട്ടയടി കഴിഞ്ഞാൽ ഒന്നൊന്നര മാസത്തേക്ക് തിരിഞ്ഞു നോക്കേണ്ടതില്ലെന്ന് തലമിനുക്കിയെടുത്തവർ പറയുന്നു. പലയിടത്തും ഒരു കുടുംബത്തിൽ തന്നെ രണ്ടും മൂന്നും മൊട്ടക്കാരുണ്ട്.