കൽപ്പറ്റ: ജില്ലയിൽ ഇതുവരെ 82,186 പേർക്ക് ഒക്‌ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യപെൻഷനുകൾ വിതരണം ചെയ്തു. സഹകരണ ബാങ്കുകൾ വഴിയും വീടുകളിൽ നേരിട്ട് എത്തിച്ചുമാണ് പെൻഷൻ വിതരണം നടത്തിയത്. മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കാണ് ഈ മാസങ്ങളിലെ പെൻഷൻ ലഭിച്ചത്. കർഷകത്തൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുളള പെൻഷൻ, വിധവാ പെൻഷൻ എന്നീ വിഭാഗങ്ങളിലുള്ള പെൻഷനുകളാണ് വിതരണം ചെയ്തത്.

ജില്ലയിൽ 10,366 പേർക്ക് കർഷകത്തൊഴിലാളി പെൻഷൻ ലഭിച്ചു. 7055 പേർക്ക് ബാങ്ക് വഴിയും 3311 പേർക്ക് നേരിട്ട് വീടുകളിലും എത്തിച്ച് നൽകി. വാർദ്ധക്യകാല പെൻഷൻ ലഭിച്ചത് 42,475 പേർക്കാണ്. ഇതിൽ 31,618 പേർക്ക് ബാങ്ക് വഴിയും 10857 പേർക്ക് നേരിട്ടും നൽകി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 7490 പേർക്കുളള പെൻഷനിൽ 5002 പേർക്ക് ബാങ്ക് മുഖേനയും 2488 പേർക്ക് നേരിട്ടുമാണ് ലഭിച്ചത്.

50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ 325 സ്ത്രീകളിൽ 220 പേർക്ക് ബാങ്കിലൂടെയും 105 പേർക്ക് വീടുകളിലും പെൻഷൻ എത്തിച്ചു. 21,530 വിധവാ പെൻഷനും വിതരണം ചെയ്തു. 16122 പേർക്ക് ബാങ്കിലും 5408 പേർക്ക് വീടുകളിലുമാണ് പെൻഷൻ എത്തിച്ച് നൽകിയത്. ഏപ്രിൽ വരെയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയായി.

കോവിഡ്
ജില്ലയിൽ 338 പേർ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ: ജില്ലയിൽ 338 പേർ കൂടി കോവിഡ് 19 നിരീക്ഷണത്തിൽ. നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആണ്. കോവിഡ് സ്ഥിരീകരിച്ച 3 പേരുൾപ്പെടെ 10 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്കയച്ച 199 സാമ്പിളുകളിൽ 184 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളിലായി 973 വാഹനങ്ങളിലായി 1569 പേരെ പരിശോധിച്ചു. കോവിഡ് കെയർ സെന്ററിൽ 109 പേർ താമസിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾക്ക് സാമൂഹ്യ അടുക്കള വഴി 4342 ഭക്ഷണം പൊതികൾ വിതരണം ചെയ്തിട്ടുണ്ട്.

സാമൂഹ്യ അടുക്കളയ്ക്ക്
13 മെട്രിക് ടൺ അരി നൽകി
കൽപ്പറ്റ: ജില്ലയിലെ സാമൂഹ്യ അടുക്കളയ്ക്കായി രാഹുൽഗാന്ധി എം.പി 13 മെട്രിക് ടൺ അരി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഒരോ പഞ്ചായത്തി​നും 500 കിലോ അരി വീതം ലഭിക്കും. ഇതോടൊപ്പം സാമൂഹ്യ അടുക്കളയ്ക്ക് 50 കിലോ വീതം കടലയും വൻപയറും നൽകും. ഇന്ന് രാവിലെ കൽപ്പറ്റ നഗരസഭ ചെയർമാനും മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനും നൽകി വിതരണത്തിന് തുടക്കം കുറിക്കുമെന്ന് കളക്ടർ പറഞ്ഞു.


പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും
കൽപ്പറ്റ: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി പ്രകാരം വീടുകളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ചാണ് വിത്തുകളും ചെറിയ ചെടികളും വിതരണം ചെയ്യുക.

ഡൊണേറ്റഡ് ഡ്രഗ് കാമ്പയിൻ
കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡൊണേറ്റഡ് ഡ്രഗ് കാമ്പയിനിന് തുടക്കമായി. മരുന്ന് ആവശ്യമുള്ളവർക്ക് സ്‌പോൺസർമാർ മുഖേന മരുന്ന് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ദീർഘകാലമായി തുടരുന്ന അസുഖങ്ങൾക്ക് മരുന്ന് ഉപയോഗിക്കുന്നവർക്ക് പദ്ധതി സഹായകരമാവുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മരുന്ന് ആവശ്യമുള്ളവർ പഞ്ചായത്ത് സെക്രട്ടറിക്ക് വിവരങ്ങൾ കൈമാറണം. മരുന്ന് വാങ്ങി നൽകാൻ താത്പര്യമുള്ളവരെ അതാത് മരുന്ന് കമ്പനികളുമായി ബന്ധിപ്പിച്ച് മരുന്നിന്റെ വിതരണം ഉറപ്പ് വരുത്തും. ഇതിനകം തന്നെ നിരവധി സംഘടനകളും വ്യക്തികളും പദ്ധതിക്കായി തുക നൽകിയിട്ടുണ്ട്.