കൽപ്പറ്റ: ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലായിരുന്ന 109 പേർ വീടുകളിലേക്ക് മടങ്ങി. സുൽത്താൻ ബത്തേരിയിൽ നിന്ന് 54 പേരും മാനന്തവാടിയിൽ നിന്ന് 33 പേരും ട്രൈബൽ സ്‌പെഷ്യൽ കോവിഡ് കെയർ സെന്ററായ തിരുനെല്ലി ആശ്രമം സ്‌കൂളിൽ നിന്നും 22 പേരുമാണ് ചൊവ്വാഴ്ച്ച നിരീക്ഷണ കാലയളവ് പൂർത്തിയാക്കി മടങ്ങിയത്. ഇവർക്ക് കോവിഡ് രോഗലക്ഷണമില്ലെന്നുളള പരിശോധന റിപ്പോർട്ട് ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. എങ്കിലും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ഇവരോട് നിർദ്ദേശിച്ചു.

ജില്ലയിൽ 169 പേരാണ് വിവിധ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകൾ അടച്ചശേഷം ചെക്ക് പോസ്റ്റുകളിൽ എത്തിയവരായിരുന്നു ഇവർ. ബാക്കിയുളളവർ സെന്ററുകളിൽ അധികൃതരുടെ കർശന നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. നിരീക്ഷണകാലയളവ് പൂർത്തിയാവുന്ന മുറയ്ക്ക് ഇവരെയും വീടുകളിലേക്ക് അയയ്ക്കും.

നിരീക്ഷണം പൂർത്തിയാക്കിയവർക്ക് മടങ്ങാൻ അധികൃതർ പ്രത്യേകം വാഹന സൗകര്യം ഒരുക്കിയിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട് വഴി മലപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് നടത്തി. ആലപ്പുഴ,കോട്ടയം ജില്ലകളിൽ നിന്നുളള രണ്ട് സ്ത്രീകൾ പ്രത്യേകം ടാക്സിയിലാണ് യാത്രയായത്. മാനന്തവാടിയിൽ താമസിച്ചിരുന്നവർ സ്വന്തം വണ്ടിയിൽ വന്നവരായിരുന്നതിനാൽ അവരെ ആ വാഹനങ്ങളിൽ തന്നെ യാത്രയാക്കി. ട്രൈബൽ സ്‌പെഷ്യൽ കോവിഡ് കെയർ സെന്ററായ തിരുനെല്ലി ആശ്രമം സ്‌കൂളിൽ നിരീക്ഷണം പൂർത്തിയാക്കിയവർക്ക് വീടുകളിലേക്ക് മടങ്ങാനായി മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറിന്റെ നേതൃത്വത്തിൽ വാഹനങ്ങളൊരുക്കിയിരുന്നു.

വീടുകളിലേക്ക് മടങ്ങുന്നതിന്റെ മുന്നോടിയായി ഇവർക്ക് ആരോഗ്യ ബോധവത്ക്കരണ ക്ലാസ്,മെഡിക്കൽ ചെക്കപ്പ് എന്നിവ നൽകി. കുടകിൽ നിന്നും മറ്റുജില്ലകളിൽ നിന്നും എത്തിയ 40 പേരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്.

(ചിത്രം)


കോവിഡ് കെയർ സെന്ററിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറപ്പെടുന്നവർ.