covid

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിൽ ഒരാൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. രോഗി താമസിക്കുന്ന വാർഡിൽ ആർ.ആർ.ടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് പരിധിയിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി കുറക്കാനും കടകൾ വൈകീട്ട് മൂന്നിന് അടക്കാനും നിർദ്ദേശിച്ചു. കൊവിഡ് രോഗി താമസിച്ച പ്രദേശത്തും പഞ്ചായത്തിലെ പ്രധാന ടൗണുകളിലും ഇന്നലെ അഗ്‌നി ശമന സേനയുടെ സഹായത്തോടെ അണുനശീകരണം നടത്തി. എല്ലാ വാർഡുകളിലും ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ മുൻ കരുതൽ നടപടി കർശനമാക്കും. ഇതുസംബന്ധിച്ച് മൈക്ക് അനൗൺസ്‌മെന്റ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലീല, വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, മെഡിക്കൽ ഓഫീസർ ബിജേഷ് ഭാസ്‌ക്കർ , ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. പ്രമീള പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ ഇ.ടി. സരീഷ്, വി.കെ.സുമതി, സഫിയ പടിഞ്ഞാറയിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.