കുറ്റ്യാടി : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വേളം പഞ്ചായത്തിലെ പെരുവയലിൽ ഏക്കർ കണക്കിന് നെൽകൃഷി വെള്ളം കയറി നശിച്ചു. നെല്ല് പാകമായെങ്കിലും കൊയ്യാൻ യന്ത്രം ലഭിക്കാത്തതാണ് കനത്ത നഷ്ടത്തിന് ഇടയാക്കിയത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ പെയ്ത മഴയാണ് കർഷകരെ ചതിച്ചത്. വേളം പെരുവയൽ പാടശേഖരം ഉൾപ്പെടെ ഏക്കർ കണക്കിന് നെൽ പാടങ്ങളിൽ വെള്ളം കയറി. മൂന്നോളം പഞ്ചായത്തുകളിലെ നെല്ലാണ് ഉപയോഗ ശൂന്യമായിരിക്കുന്നത്. വേളം പഞ്ചായത്തിൽ മാത്രം 150 ലധികം ഏക്കർ പാടശേഖരത്തെ കൃഷി നശിച്ചിട്ടുണ്ട്. കർഷകർക്ക് സ്വന്തമായോ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്കോ കൊയ്ത്ത് യന്ത്രമില്ലാത്തതാണ് കൃഷിനാശത്തിന് ഇടയാക്കിയത്. കൊയ്തെടുക്കാൻ കഴിയാത്തവിധം വെള്ളത്തിലായ നെല്ല് വയലിൽ തന്നെ മുളച്ചു പൊന്തുമെന്നാണ് കർഷകർ പറയുന്നത്. നെൽകൃഷി നശിച്ച കർഷകർക്ക് അടിയന്തര നഷ്ട പരിഹാരം നൽകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെട്ടു.