പേരാമ്പ്ര: കഴക്കൻ മലയോരത്തെ കഴിഞ്ഞ രണ്ട് ദിവസമായി വൈകുന്നേരങ്ങളിൽ പെയ്യുന്ന വേനൽ മഴയിൽ വീടുകൾക്ക് വൻ നാശനഷ്ടം. ഒപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി. ഞായറാഴ്ച രാത്രി ഏഴിന് തുടങ്ങിയ മഴ 8.30നാണ് തോർന്നത്. ഇടിയിലും മഴയിലും ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് കോനാട്ട് ജോസഫിന്റെ വീടിന്റെ ഭിത്തിയിലും ജനാലയിലും വിള്ളൽ വീണു. മെയിൻ സ്വിച്ചുൾപ്പെടെ വയറിംഗ് സംവിധാനം കത്തി നശിച്ചു.
തിങ്കളാഴ്ചയും മഴയോടൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി. മഴ രാത്രി ഒമ്പത് വരെ തുടർന്നു. വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലത്തെ മഴയിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മരുതേരിയിൽ വീട് തകർന്നു. അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മരുതേരി കനാൽമുക്കിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓടുമേഞ്ഞ വീടാണ് ഇന്നലെ പുലർച്ചെ തകർന്നത്. ഈ സമയം അഞ്ച് തൊഴിലാളികൾ വീട്ടിൽ ഉറങ്ങുന്നുണ്ടായിരുന്നു. മേൽക്കൂരയും ചുമരിന്റെ ഒരു ഭാഗവും തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ല. ഇവരെ റവന്യൂ ഗ്രാമപഞ്ചായത്ത് അധികൃതരെത്തി സമീപത്തുള്ള കോമൺ ഫെസിലിറ്റി സെന്ററിലേക്ക് മാറ്റി.