കോഴിക്കോട്: കൊവിഡ് - 19 ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ രണ്ടു പേർ കൂടി രോഗമുക്തരായി. ഇരുവരും ഇന്നലെ ആശുപത്രി വിട്ടു. ഇതോടെ രോഗവിമുക്തി നേടിയ കോഴിക്കോട് സ്വദേശികളുടെ എണ്ണം അഞ്ചായി.
വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട കോഴിക്കോട് ജില്ലക്കാരായ ഏഴു പേരാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. രോഗം ബാധിച്ച കാസർകോട്, കണ്ണൂർ സ്വദേശികളായ രണ്ടു പേരും കൂടിയുണ്ട്. നേരത്തെ ഒരു കാസർകോട് സ്വദേശിയും രോഗമുക്തി നേടിയിരുന്നു. ജില്ലയിൽ ഇന്നലെ പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
ജില്ലയിൽ ഇപ്പോൾ 21,934 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 26 പേരും ബീച്ച് ആശുപത്രിയിൽ ഒരാളുമുണ്ട്. പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടതോടെ 17 പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു.
ഇന്നലെ 24 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 401 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 367 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതിൽ 352 എണ്ണം നെഗറ്റീവാണ്. ഇനി 34 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൺട്രോൾ സെല്ലുകളുടെ പ്രവർത്തനം വിലയിരുത്തി. ജില്ലാ കളക്ടർ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഡി.എം.ഒ ഡോ.വി.ജയശ്രീ, ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സജിത് കുമാർ, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ.ഉമ്മർ ഫാറൂഖ്, അഡിഷണൽ ഡി.എം.ഒ ഡോ.ആശാദേവി, ഡി.പി.എം ഡോ.എ.നവീൻ തുടങ്ങിയവർ സംബന്ധിച്ചു.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 12 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 120 പേർ ഫോണിലൂടെ സേവനം തേടി.
ജില്ലയിൽ ഇന്നലെ 4,534 സന്നദ്ധസേനാ പ്രവർത്തകർ 8,763 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. സോഷ്യൽ മീഡിയ വഴിയുള്ള ബോധവത്കരണം തുടരുന്നുണ്ട്.