covid-19

ഫറോക്ക്: ​കൊ​വിഡ് 19 സ്ഥിരീകരിച്ച കൊളത്തറയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ആളിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ പള്ളിയിലും കച്ചവടസ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം പോയിരുന്നു. സാമൂഹ വ്യാപനം തടയുന്നതിനായി കോഴിക്കോട് കോർപറേഷൻ ചെറുവണ്ണൂർ - നല്ലളം സോണൽ ഓഫീസ് പരിധിയിൽ നിയന്ത്രണം കർശനമാക്കി. മദ്രസങ്ങാടി, പള്ളിപ്പറമ്പ്, പള്ളിത്താഴം, റഹ്മാൻബസാർ, പാലക്കുളം, മോഡേൺബസാർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി.

പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11 വരെയാക്കി. മത്സ്യ-മാംസ കച്ചവടം താത്കാലികമായി നിറുത്തി. നിരീക്ഷണത്തിലുള്ളവരെ അത്യാവശ്യ സന്ദർഭങ്ങളിൽ സഹായിക്കുന്നതിന് വോളണ്ടിയർമാരെ ചുമതലപ്പെടുത്തി. റേഷൻ കടകളുടെ പ്രവർത്തനം രാവിലെ ഒമ്പത് മുതൽ രണ്ടുവരെയായി ക്രമീകരിച്ചു. ആളുകൾ വീടുകളിൽ കഴിയണമെന്നും അത്യാവശ്യ ഘട്ടത്തിൽ പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കണമെന്നും മൈക്ക് അനൗൺസ്‌മെന്റിലൂടെ അറിയിക്കുന്നുണ്ട്.