വടകര: കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌പ്, അമിതവില എന്നിവ കണ്ടെത്തുന്നതിന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് തീക്കുനി, പെരുമുണ്ടച്ചേരി, അരൂർ, വില്യാപ്പള്ളി എന്നിവിടങ്ങളിലെ കടകളിൽ പരിശോധന നടത്തി. നേന്ത്രപ്പഴം, തക്കാളി എന്നിവയ്‌ക്ക് അമിതവില ഈടാക്കുന്നതായി കണ്ടെത്തി. നേന്ത്രപ്പഴത്തിന്റെ വില കിലോയ്‌ക്ക് 45 രൂപയിൽ നിന്ന് 30ആയും തക്കാളിക്ക് 16 രൂപയിൽ നിന്ന് 12ആയും കുറപ്പിച്ചു.
ഇവിടങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചു. വടകരയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കളക്ടർ നിർദ്ദേശിച്ചതിലും കൂടുതൽ വില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇവിടങ്ങളിൽ നിശ്ചിത വിലയ്‌ക്കേ വില്പന നടത്താവൂ എന്ന് നിർദ്ദേശം നൽകി. മൈദയുടെ വില 45 രൂപയിൽ നിന്ന് 35 ആക്കി കുറപ്പിച്ചു. സൗജന്യ റേഷൻ വിതരണത്തിൽ ഇന്നലെ വരെ താലൂക്കിൽ 148430 ആളുകൾ സാധനം വാങ്ങിയെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
പൂവാട്ടുപറമ്പ്, പെരുമണ്ണ, ഫറോക്ക്, പുറക്കാട്ടിരി, അണ്ടിക്കോട്, അന്നശ്ശേരി, എടക്കര, പാവണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിലെ പച്ചക്കറി-പലവ്യഞ്ജന കടകൾ, ഫ്രൂട്ട് സ്റ്റാളുകൾ, ഫിഷ് മാർക്കറ്റുകൾ, ചിക്കൻ സ്റ്റാളുകൾ, മെഡിക്കൽ സ്റ്റോറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്‌പെക്ടർമാരും പരിശോധന നടത്തി. വില്പന വില പ്രദർശിപ്പിക്കാത്തവർക്കും അമിത വില ഈടാക്കിയവർക്കും നോട്ടീസ് നൽകി. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ എൻ.കെ. ശ്രീജ, റേഷനിംഗ് ഇൻസ്‌പെക്ടർ കെ. ബാലകൃഷ്ണൻ, കെ. അനൂപ്, ജീവനക്കാരനായ പി.കെ. മൊയ്തീൻ കോയ എന്നിവർ പങ്കെടുത്തു.