market

വടകര: വടകര ജെ.ടി.റോഡിൽ മേൽപ്പാലത്തിന് സമീപം മാലിന്യം തള്ളുന്നതായി പരാതി. പഴം, പച്ചക്കറി കടകളിലെയും വീടുകളിലെയും മാലിന്യമാണ് ഇരുവശവും വ്യാപകമായി നിക്ഷേപിക്കുന്നത്. കൊവിഡ് ലോക്ക് ഡൗണിന്റെ മറവിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് കവറുകളിലാക്കിയും അല്ലാതെയും മാലിന്യം തള്ളുന്നത്. പരിസരം മുഴുവൻ അഴുകിയ മാലിന്യം നിറഞ്ഞതിനാൽ ദുർഗന്ധം കാരണം മൂക്കുപൊത്തി നിൽക്കേണ്ട അവസ്ഥയാണെന്ന് പരിസരവാസികൾ പറയുന്നു. ദിവസങ്ങളായി തുടരുന്ന മാലിന്യനിക്ഷേപത്തിനെതിരെ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സമീപത്തെ ഷോപ്പുകളിലെ സി.സി.ടി.വി പരിശോധിച്ച് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് പരിസരവാസികളും കച്ചവടക്കാരും ആവശ്യപ്പെടുന്നത്.