കോഴിക്കോട്: ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷനുകളിൽ നിറയുന്നു. ആയിരത്തിലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇവയിൽ മതിയായ രേഖകളില്ലാത്തവയുമുണ്ട്. അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും ഇന്നലെ നഗരത്തിലും പരിസരത്തും കാര്യമായ ആൾക്കൂട്ടവും വാഹനങ്ങളും രാവിലെ തന്നെയുണ്ടായിരുന്നു.
നഗരത്തിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചാണ് അനാവശ്യമായി കറങ്ങുന്നവരെ പിടികൂടുന്നത്. ഇതിനായി കോഴിക്കോട് സിറ്റിയിൽ 53 ചെക്ക് പോസ്റ്റുകളുണ്ട്. കൂടാതെ 20 ഫ്ലയിംഗ് സ്‌ക്വാഡുകളും 17 മൊബൈൽ വാഹനങ്ങൾ വഴിയുള്ള ചെക്കിംഗും രണ്ട് പിങ്ക് പൊലീസ് വാഹനങ്ങളും നഗരത്തിലുണ്ട്.
പിടിച്ചെടുക്കുന്നതിൽ 90 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. കാറുകളും ഓട്ടോറിക്ഷകളുമെല്ലാം വിവിധ സ്‌റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോക്ഡൗൺ കഴിഞ്ഞാൽ പിഴയടപ്പിച്ച് ഇവയെല്ലാം വിട്ട് കൊടുക്കും. പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെട്ടവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കള്ളസത്യവാങ്മൂലം കാണിച്ച് നിരത്തിലിറങ്ങുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. മതിയായ രേഖകളില്ലാത്ത വാഹനങ്ങൾ കൈമാറില്ലെന്ന് പൊലീസ് അറിയിച്ചു.
കസ്റ്റഡിയിലായവയിൽ ഏറെയും ടൂവീലറുകൾ
പിടിച്ചെടുത്ത വാഹനങ്ങൾ - 1000ൽ അധികം
ഇവയിൽ 90 ശതമാനവും ഇരുചക്ര വാഹനങ്ങൾ
നിയമലംഘകരെ പിടിക്കാൻ നഗരത്തിലുള്ള ചെക്ക് പോസ്റ്റുകൾ - 53
ഫ്ലയിംഗ് സ്‌ക്വാഡുകൾ - 20
ചെക്കിംഗിനായുള്ള വാഹനങ്ങൾ - 17
പിങ്ക് പൊലീസ് വാഹനങ്ങൾ - 2