കോഴിക്കോട് : കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പിടികൂടിയ കള്ളക്കടത്ത് സ്വർണ്ണം ഉപയോഗിക്കണമെന്ന് എം.കെ.രാഘവൻ എം.പി. വർഷങ്ങളായി പിടികൂടിയ സ്വർണ്ണ ഉരുപ്പടികൾ ഗോഡൗണുകളിൽ കെട്ടികിടക്കുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനം എടുത്താൽ മതി. ലക്ഷം കോടികൾ വിലമതിക്കുന്ന മറ്റ് കള്ളക്കടത്ത് വസ്തുക്കളും രാജ്യത്ത് കെട്ടിക്കിടക്കുന്നുണ്ട്. അവ ഏറ്റെടുത്താൽ പ്രതിസന്ധിയിൽ നിന്ന് കരകയറാമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എം.കെ. രാഘവൻ അഭിപ്രായപ്പെട്ടു. ഓരോ ദിവസവും 700 കിലോ സ്വർണം രാജ്യത്ത് കള്ളക്കടത്ത് നടത്തുന്നതായാണ് കണക്ക്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പിടിച്ചെടുത്ത ഇത്തരം സ്വർണ്ണത്തിന്റെ മൂല്യം നിശ്ചയിച്ച് ഏറ്റെടുക്കുന്ന നടപടിയിലേക്ക് ഉടൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനം എടുക്കണമെന്നും എം.കെ. രാഘവൻ ആവശ്യപ്പെട്ടു.