കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനൊപ്പം അവശ്യസാധനങ്ങളുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കാൻ കോർപറേഷൻ ആരോഗ്യ വിഭാഗം മാർക്കറ്റുകളിൽ പരിശോധന നടത്തി. കോവൂർ മാർക്കറ്റ്, ചേവരമ്പലം, എൻ.ജി.ഒ ക്വാർട്ടേർസ്, കോട്ടൂളി എന്നിവിടങ്ങളിലെ മത്സ്യ സ്റ്റാളുകൾ കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ പരിശോധിച്ചു. വില കുറച്ചു വിൽക്കാൻ നിർദ്ദേശിക്കുകയും വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത കച്ചവടക്കാർക്കെതിരെ നടപടിയുമെടുത്തു.
പാളയം പച്ചക്കറി മാർക്കറ്റ്, ഫ്രൂട്‌സ് സ്റ്റാൾ എന്നിവിടങ്ങൾ പരിശോധിച്ച് സാധനങ്ങൾ വില കൂട്ടി വിറ്റവർക്കെതിരെ നടപടിയെടുത്തു. കൂടാതെ കേടായ പച്ചക്കറി വിറ്റ രണ്ട് തട്ടുകളൂം ഒരു ഫ്രൂട്‌സ് തട്ടുമുൾപ്പെടെ പിടിച്ചെടുത്തു. ഈ കച്ചവടക്കാർക്കെതിരെ നിയമനടപടിയുമെടുത്തു. പരിശോധനയ്‌ക്ക് ഹെൽത്ത് സൂപ്പർവൈസർ ശിവദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഇ. മുരളിധരൻ, രാജേന്ദ്രൻ, പ്രേമരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത് റോയ് എന്നിവർ നേതൃത്വം നൽകി.