കൽപ്പറ്റ: കോഴിയിറച്ചിക്ക് അധികൃതർ നിശ്ചയിച്ച വിലയ്ക്ക് വിൽക്കാനാവി​ല്ലെന്ന് കോഴി വ്യാപാരികൾ. കോഴിയിറച്ചി കിലോഗ്രാമിന് 140 രൂപയ്ക്ക് വിൽക്കണമെന്നാണ് നിർദേശം. ഈ വിലയ്ക്ക് വിൽക്കാൻ കോഴി ലഭ്യമല്ലാത്തതിനാൽ കടകൾ അടച്ചിടേണ്ടി വരുമെന്ന് കച്ചവടക്കാർ പറയുന്നു.

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ കോഴി ഉത്പാദന കേന്ദ്രങ്ങളിൽ ദിനംപ്രതി വില ഉയരുകയാണ്. കോഴിക്കടകളിൽ ജീവനുള്ള കോഴിയെ ഇറക്കമ്പോൾ കിലോവിന് 102 രൂപ വരും. 153 രൂപ വരുന്ന ഇറച്ചി 140 രൂപയ്ക്ക് വിൽക്കണമെന്ന തീരുമാനം പ്രായോഗികമല്ല. 170 രൂപയിൽ കുറച്ച് വിൽക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയില്ല.

ജില്ലയിലെ 1000 ൽ പരം കോഴിഫാമുകളിൽ നിന്നുള്ള കോഴികളും വിറ്റഴിയുന്നത് ചെറുകിട വ്യാപാര മേഖലയിൽ കൂടിയാണ്. ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ഓൾ കേരള ചിക്കൻ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗഫൂർ കെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി​ സെയ്ത് ഒണ്ടയങ്ങാടി, ട്രഷറർ ഷാജി ബത്തേരി, കെ.എസ്.മഷൂദ് എന്നിവർ പ്രസംഗിച്ചു.