മാനന്തവാടി: ജില്ലയ്ക്ക് ആശ്വാസമേകി രണ്ട് പേർ കൊവിഡ്19 വിമുക്തരായി. ജില്ലയിൽ മൂന്ന് പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന തൊണ്ടർനാട് കുഞ്ഞോം കോക്കോട്ടിൽ ആലിക്കുട്ടി (50), കമ്പളക്കാട് മുക്കിൽ വളപ്പിൽ അബ്ദുൾ റസാഖ് (56) എന്നിവരാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്.
അവസാന രണ്ട് സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവരെ ആസ്പത്രിയിൽ നിന്നും വിട്ടയയ്ക്കാൻ തീരുമാനിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ന് ജില്ലാ ആശുപത്രി പ്രത്യേക കോവിഡ് വാർഡിൽ നിന്ന് പുറത്തിറങ്ങിയ ഇവരെ ജനപ്രതിനിധികളും ജില്ലാ കളക്ടറും ആരോഗ്യപ്രവർത്തകരും ചേർന്ന് കണിക്കൊന്ന നൽകി സ്വീകരിച്ചു. പിന്നീട് പ്രത്യേക വാഹനത്തിൽ വീടുകളിലേക്ക് യാത്രയാക്കി. വീടുകളിൽ 28 ദിവസം വീണ്ടും നിരീക്ഷണത്തിൽ കഴിയും.
തൊണ്ടർനാട് സ്വദേശിയെ മാർച്ച് 26 നും കമ്പളക്കാട് സ്വദേശിയെ മാർച്ച് 30 നുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്ന ഒരാളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും മെച്ചപ്പെട്ടുവരികയാണ്. അടുത്ത ദിവസങ്ങളിൽ ഇദ്ദേഹത്തിന് ആശുപത്രി വിടാൻ കഴിയുമെന്ന് ആരോഗ്യവകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
കൊവിഡ് 19 പ്രതിരോധത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതയോടുള്ള ഇടപെടലാണ് ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയത്. ജില്ലാ ആശുപത്രി കൊവിഡ് ആതുരാലയമാക്കി മാറ്റി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരുന്നു.
ഒ.ആർ കേളു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ്,ജില്ലാ പഞ്ചായത്ത് അംഗം എ.ദേവകി,ഡി.എം.ഒ ഡോ.ആർ രേണുക തുടങ്ങിയവർ രോഗവിമുക്തി നേടിയവരെ യാത്രയാക്കാൻ എത്തിയിരുന്നു.
അഭിമാന നിമിഷം:
ജില്ലാ കളക്ടർ
മാനന്തവാടി: ആരോഗ്യമേഖലയിൽ ജില്ലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. മികച്ച രീതിയിലുളള ചികിത്സയാണ് ആരോഗ്യ വകുപ്പിന്റെയും ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഭാഗത്ത് നിന്നുണ്ടായത്. ലഭ്യമാക്കിയ അടിയന്തര ചികിത്സയുടെ ഫലമായി രോഗത്തിൽ നിന്നും ഇവർക്ക് വളരെ പെട്ടെന്ന് മോചിതരാകാൻ സാധിച്ചു.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച്‌കൊണ്ടാണ് ഇവർ ചികിൽസയിൽ കഴിഞ്ഞതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിൽ 329 ആളുകൾ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വയനാട്ടിൽ 329 ആളുകൾ കൂടി നിരീക്ഷണത്തിൽ. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 12102 ആയി ഉയർന്നു.
കോവിഡ് 19 സ്ഥിരീകരിച്ച ഒരാൾ ഉൾപ്പടെ 10 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്ക് അയച്ച 199 സാമ്പിളുകളിൽ ഒരു ഫലം കൂടി ലഭിക്കുവാനുണ്ട്. ജില്ലയിൽ ഇതുവരെ 874 പേർ നിരീക്ഷണം പൂർത്തിയാക്കി. കോവിഡ് കെയർ സെന്ററുകളിൽ നിലവിൽ 54 പേരാണുളളത്. 57 വിദേശികളും ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1186 വാഹനങ്ങളിലായി എത്തിയ 1885 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല.
വിദേശത്തു നിന്ന് കർണാടകയിൽ ഫ്‌ളൈറ്റ് ഇറങ്ങുകയും പതിനാല് ദിവസം കർണാടക സർക്കാറിന്റെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയും പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആകുകയും ചെയ്ത 6 പേർ കർണാടക സർക്കാറിന്റെ സമ്മതത്തോടെ കേരളത്തിലേക്ക് വന്നിട്ടുണ്ട്. ഇവർ ക്വാറന്റയിനിൽ തുടരും.
എം.എൽ.എമാർ ഫണ്ട് നൽകി
കൽപ്പറ്റ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സി.കെ ശശീന്ദ്രൻ എം.എൽ.എയും ഐ.സി ബാലകൃഷ്ണൻ എം.എൽ.എയും 50 ലക്ഷം രൂപ വീതം ജില്ലാ ഭരണകൂടത്തിനു കൈമാറി.
അൽക്കരാമ ഡയാലിസിസ് സെന്ററിൽ 7 പേർക്കു കൂടി ഡയാലിസിസ് സൗജന്യമായി നൽകുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 200 ഗൗൺ ജില്ലാഭരണകൂടത്തിനു സംഭാവന ചെയ്തിട്ടുണ്ട്.
പച്ചക്കറി വിത്ത് വിതരണം തുടങ്ങി
കൽപ്പറ്റ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വാർഡുകൾ കേന്ദ്രീകരിച്ചുളള പച്ചക്കറി വിത്തുകളുടെ വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്തുകൾ വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകൾ തോറും പച്ചക്കറി കൃഷി ആരംഭിക്കാൻ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തിരുന്നു. വാർഡ് മെമ്പർമാർ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് വിത്തുകൾ എത്തിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വീട്ട് വളപ്പിൽ കൃഷി ചെയ്യാൻ സാധിക്കുന്ന വെണ്ട, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ വിത്തുകളാണ് വിതരണം ചെയ്യുന്നത്. വിത്ത് ആവശ്യമുള്ളവർക്ക് 04936 204151 എന്ന കൺട്രോൾ റൂം നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
...............
വയനാട്ടിൽ 329 ആളുകൾ കൂടി നിരീക്ഷണത്തിൽ.
ആകെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 12102.
രോഗം സ്ഥിരീകരിച്ച ഒരാൾ ഉൾപ്പടെ 10 പേർ ആശുപത്രിയിൽ. 199 സാമ്പിളുകളിൽ ഒരു ഫലം കൂടി ലഭിക്കുവാനുണ്ട്.
874 പേർ ഇതുവരെ നിരീക്ഷണം പൂർത്തിയാക്കി.
കോവിഡ് കെയർ സെന്ററുകളിൽ നിലവിൽ 54 പേർ.
57 വിദേശികളും ജില്ലയിൽ നിരീക്ഷണത്തിൽ.
14 ചെക്ക് പോസ്റ്റുകളിൽ 1186 വാഹനങ്ങളിലായി എത്തിയ 1885 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കി.
ആർക്കും രോഗലക്ഷണങ്ങൾ ഇല്ല.