ബാലുശ്ശേരി: ലോക്ക് ഡൗൺ കാലം വായനയുടെ വസന്തകാലമാക്കി മാറ്റുകയാണ് കണ്ണാടിപ്പൊയിൽ യുവജന വായനശാല. മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി യുവജന വായനശാലയുടെ പുസ്തകക്കൂട്ട് പദ്ധതിയ്ക്ക് തുടക്കമായി.
വായനശാലയുടെ പ്രവർത്തന പരിധിയിലുള്ള വീടുകളെ പത്ത് ഗ്രൂപ്പുകളായി തിരിച്ചാണ് പുസ്തകവിതരണം. ഭരണസമിതി അംഗങ്ങൾക്കും ലൈബ്രേറിയനുമാണ് ചുമതല. ആഴ്ചയിൽ രണ്ടു തവണ വീടുകളിൽ പുസ്തകമെത്തിക്കും.
കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഓൺലൈനിൽ വായനാമത്സരം, ആസ്വാദന കുറിപ്പ് മത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. രചനകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. വിതരണത്തിന് നേതൃത്വം നൽകാൻ കെ.പി.വിജയൻ, പി.കെ.മുരളി, പി.എം.പ്രജീഷ്, കെ.പി.സുരേന്ദ്രൻ, പി.എൻ.ഭരതൻ തുടങ്ങിയവർ രംഗത്തുണ്ട്. ഫോൺ: 80865 76157.