payyoli

പയ്യോളി: മത്സ്യ വില നിലവാര പട്ടികയിലെ അപാകത കാരണം വിൽപ്പനക്കാരും ഉപഭോക്താക്കളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പയ്യോളി മത്സ്യ മാർക്കറ്റ് അടച്ചിട്ടു. മത്സ്യമാർക്കറ്റ് കോ ഓഡിനേഷൻ കമ്മിറ്റിയാണ് കളക്ടർ പുറത്തിറക്കിയ വില നിലവാര പട്ടികയിലെ അപാകത തീർക്കും വരെ മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ഹാർബറുകളിൽ 340 മുതൽ 400 രൂപയ്ക്ക് വരെ മത്സ്യം വിൽക്കാൻ അനുവാദം നൽകുമ്പോൾ പയ്യോളി ഉൾപ്പെടെ ചില്ലറ മത്സ്യ വിൽപ്പന നടത്തുന്ന മാർക്കറ്റുകളിൽ 300 രൂപയ്ക്ക് മത്സ്യം വിൽക്കണമെന്ന നിബന്ധനയാണ് വിൽപ്പനക്കാരെ കുഴക്കുന്നത്. മാർക്കറ്റിലെ മത്സ്യ വിൽപ്പനക്കാർക്കുകൂടി അംഗീകരിക്കാവുന്ന രീതിയിൽ മൊത്ത വില നിലവാരം ഏകീകരിക്കണമെന്ന് പയ്യോളി മത്സ്യ മാർക്കറ്റ് കോ ഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഹാർബറുകളിൽ ഏകീകൃത വില നിലവാരം ഉറപ്പുവരുത്തിയാൽ മാത്രമേ മത്സ്യ മാർക്കറ്റുകളിലും ഏകീകൃത വില വിവര പട്ടിക പ്രദർശിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് കോ ഓഡിനേഷൻ ഭാരവാഹികളായ ടി.മുസ്തഫ, ടി.പി.സിദ്ദീഖ് , തൈക്കണ്ടി ദിനേശൻ, കെ.വി. മജീദ് എന്നിവർ അറിയിച്ചു. കഴിഞ്ഞ ദിവസം അമിത വില ഈടാക്കുന്നതായ പരാതിയെ തുടർന്ന് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പയ്യോളി മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു.