kuru

മഞ്ചേരി: ലോക്ക് ഡൗൺ കാലത്ത് ചക്കക്കുരുവാണ് അടുക്കളയിലെ താരം. നാട്ടിൽപുറങ്ങളിൽ ചക്കയ്ക്ക് ഈ കാലത്ത് ക്ഷാമമില്ലെന്നതിനാൽ അടുക്കളകളെ സജീവമാക്കുന്നത് ചക്കക്കുരു പരീക്ഷണങ്ങളാണ്'. ചക്കക്കുരു ചലഞ്ച് 'എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ ഇതുവരെ കാണാത്ത വിഭവങ്ങൾ മത്സരിക്കുമ്പോൾ എന്തെല്ലാം വ്യത്യസ്ഥത കൊണ്ടുവരാമെന്ന പരീക്ഷണത്തിലാണ് പലരും. ചക്കക്കുരു കറി നാട്ടിൻപുറങ്ങളിലെ ഇഷ്ടവിഭവമാണെങ്കിലും ഹൽവ്വ മുതൽ ഷെയ്ക്ക് വരെ ആക്കിയാണ് ചലഞ്ച് പുരോഗമിക്കുന്നത്. ചില വിഭവങ്ങൾ ഹിറ്റായപ്പോൾ നാടൻവിഭവത്തിൽ നിന്ന് മാറി വിഐപി പരിവേഷമാണിപ്പോൾ ചക്കക്കുരുവിന്. ചക്കക്കുരു ഷെയ്ക്കിനും ജ്യൂസിനുമാണിപ്പോൾ വൻ ഡിമാന്റ്. കൂടാതെ ചമ്മന്തി, മെഴുക്കു വരട്ടി, തോരൻ, ചക്കക്കുരു ഫ്രൈ തുടങ്ങി ലോക്ക് ഡൗൺ പരീക്ഷണങ്ങൾ തുടരുകയാണ് .പുതിയ വിഭവങ്ങളുണ്ടാക്കി ഫോട്ടോസും വീഡിയോകളും കുടുംബഗ്രൂപ്പുകളിൽ പങ്കുവയ്ക്കാൻ മത്സരിക്കുകയാണ് പലരും.

ചക്കക്കുരുവിന്റെ പ്രയോജനങ്ങളും പോഷക പ്രാധാന്യത്തിന്റെ വിവരണങ്ങളും പങ്കുവയ്ക്കുന്നവരും എറെയുണ്ട്. നോൺ വെജ് വിഭവങ്ങൾ മാറ്റിവച്ച് ന്യൂജനറേഷൻ ചക്കക്കുരുവിനെ ഏറ്റെടുത്ത് ആഘോഷിക്കുമ്പോൾ കാലങ്ങളായി ഇത് ഇഷ്ടവിഭവമായി കൊണ്ടുനടക്കുന്ന വീട്ടിലെ പ്രായം ചെന്നവർക്ക് ഈ സഡൻ ചലഞ്ച് പിടികിട്ടിയിട്ടില്ല.