കൽപ്പറ്റ: കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ളനിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 60 കേസുകൾ രജിസ്റ്റർ ചെയ്യുകയും 27 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 40 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
പുൽപ്പള്ളി സ്‌റ്റേഷനിൽ 9 കേസുകളും ബത്തേരി സ്‌റ്റേഷനിൽ 7 കേസുകളും പനമരം സ്‌റ്റേഷനിൽ 6 കേസുകളും അമ്പലവയൽ സ്‌റ്റേഷനിൽ 5 കേസുകളും മീനങ്ങാടി, മാനന്തവാടി സ്‌റ്റേഷനുകളിൽ 4 കേസുകൾ വീതവും, മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ, കമ്പളക്കാട്, കേണിച്ചിറ, തൊണ്ടർനാട് സ്‌റ്റേഷനുകളിൽ 3 കേസുകൾ വീതവും കൽപ്പറ്റ, തലപ്പുഴ, തിരുനെല്ലി സ്‌റ്റേഷനുകളിൽ 2 കേസുകൾ വീതവും, വെള്ളമുണ്ട ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വൈറസ് വ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇതുവരെ 1225 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 704 പേരെ അറസ്റ്റ് ചെയ്യുകയും 715 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ജനങ്ങളുടെ അത്യാവശ്യകാര്യങ്ങൾക്ക് പൊലീസ് കൈയ്യെത്തും ദൂരത്തുണ്ടെന്നും ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സേവനങ്ങൾ എത്തിച്ചുവരുന്നുണ്ടെന്നും ജില്ലയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, അവശത അനുഭവിക്കുന്നവർ തുടങ്ങിയവർക്കെല്ലാം അത്യാവശ്യ സേവനങ്ങളും ലഭ്യമാക്കിക്കൊടുത്തുവെന്നും അവശ്യമരുന്നുകൾ തുടങ്ങിയവ എത്തിക്കുന്നതിനുള്ള സേവനപ്രവർത്തനങ്ങൾക്ക് ജില്ലയിലെ പൊലീസ് സജീവമായി നിലകൊള്ളുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾക്കെല്ലാതെ പുറത്തിറങ്ങുന്നതിൽ നിന്ന് ജനങ്ങൾ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.