maveli

കോഴിക്കോട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റുകൾ ഇന്ന് മുതൽ റേഷൻ കടകളിലേക്ക് അയച്ചുതുടങ്ങും. അടുത്ത ദിവസം തന്നെ റേഷൻ കടകളിൽ നിന്ന് കാർഡുടമകൾക്ക് കിറ്റുകൾ കൈപ്പറ്റാം.

ആദിവാസി കുടുംബങ്ങളടക്കമുള്ള അന്ത്യോദയ അന്ന യോജന റേഷൻ കാർഡുടമകൾക്കുള്ള കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ബി.പി.എൽ, എ. പി. എൽ കാർഡുകൾക്കുള്ള കിറ്റുകൾ അടുത്തഘട്ടങ്ങളിൽ വിതരണം ചെയ്യും. സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കും കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനം.
ആദ്യഘട്ടത്തിൽ 38,943 കിറ്റുകളാണ് ജില്ലയിലെ 4 താലൂക്കുകളിലായി വിതരണം ചെയ്യുക. കോഴിക്കോട് (8,420), താമരശ്ശേരി (11,425), കൊയിലാണ്ടി (9,753), വടകര (9,345). താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് കിറ്റുകൾ തയ്യാറാക്കുന്നത്. പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്, വെളിച്ചണ്ണ, തേയില, മല്ലിപ്പൊടി, മുളക്‌പൊടി, ഉലുവ തുടങ്ങി 17 ഇനങ്ങളടങ്ങിയതാണ് ഭക്ഷ്യകിറ്റ്.

കിറ്റുകൾ ആവശ്യമില്ലാത്തവർക്ക് കിറ്റുകൾ സംഭാവന ചെയ്യുന്നതിനുള്ള സൗകര്യം സപ്ലൈകോയുടെ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. supplycokerala.com എന്ന സൈറ്റിൽ DONATE MY KIT എന്ന ഓപ്ഷനിലൂടെ കിറ്റ് സംഭാവന ചെയ്യാം.