കൽപ്പറ്റ: കൊവിഡ് പശ്ചാത്തലത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ കണ്ടെത്തുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കമ്പളക്കാട്, കണിയാമ്പറ്റ, മില്ലുമുക്ക് എന്നിവിടങ്ങളിൽ പരിശോധന നടത്തി. ജില്ലാ ഭരണകൂടം നിർദ്ദേശിച്ചതിലും കൂടിയ വിലയ്ക്ക് കടല, ചെറിയ ഉള്ളി, പച്ചമുളക്, സവാള എന്നിവ വിൽപന നടത്തിയ കടകൾക്ക് നോട്ടീസ് നൽകി. വില വിവര പട്ടിക പ്രദർശിപ്പിക്കണമെന്ന നിർദ്ദേശവും നൽകി.
ബത്തേരി താലൂക്കിൽ മീനങ്ങാടി, പുൽപ്പള്ളി, ബത്തേരി ടൗൺ എന്നിവിടങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പച്ചമുളക്, ചെറിയ ഉള്ളി എന്നിവയുടെ വില കുറപ്പിച്ചു. മാനന്തവാടി താലൂക്കിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പച്ചക്കറി വിൽപനശാല, പലവ്യഞ്ജന കടകൾ, ഫ്രൂട്ട് സ്റ്റോളുകൾ, ഫിഷ് മാർക്കറ്റുകൾ, ബേക്കറി എന്നിവടങ്ങളിൽ പരിശോധന നടത്തി. പച്ചമുളക്, ചെറിയ ഉള്ളി, തക്കാളി എന്നിവ വില കൂട്ടി വിറ്റ വ്യാപാരികൾക്ക് നോട്ടീസ് നൽകി. അവശ്യ സാധനങ്ങൾക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടിയെടുത്തു. പരിശോധനയിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാർ, റവന്യൂ ഉദ്യോഗസ്ഥർമാർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ എന്നിവർ പങ്കെടുത്തു.