കൽപ്പറ്റ: കൊവിഡ് സമയത്ത് ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് തണലാവുകയാണ് ആരോഗ്യകേരളം വയനാട് പാലിയേറ്റീവ് വിഭാഗം. അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യാനും അവശ്യമരുന്നുകൾ ലഭ്യമാക്കാനും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.അഭിലാഷ്, പാലിയേറ്റീവ് കോഓഡിനേറ്റർ സ്മിത സജീവൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്.
406 രോഗികളാണ് ജില്ലയിൽ ഡയാലിസിസിന് വിധേയരാവുന്നത്. ഇതിൽ 227 പേർ സ്വകാര്യ ആശുപത്രികളെയും പാലിയേറ്റീവ് കെയർ യൂണിറ്റുകളെയും ആശ്രയിക്കുന്നു. 13 പേർ ജില്ലയ്ക്ക് പുറത്തുള്ള സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. അവിടെ തന്നെ താമസിക്കുന്നവരും പോയിവരുന്നവരും ഇതിലുണ്ട്.
ജില്ലാ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ 146 രോഗികൾ ഡയാലിസിസിന് വിധേയരാവുന്നുണ്ട്. 31 പേർ വീടുകളിൽ തന്നെയാണ് ഡയാലിസിസ് ചെയ്യുന്നത്. ഇതിനാവശ്യമായ ഡയലൈസർ, ട്യൂബ്, ഇഞ്ചക്ഷൻ തുടങ്ങിയവ പാലിയേറ്റീവ് കെയർ യൂണിറ്റുകൾ വഴി വിതരണം ചെയ്യുന്നുണ്ട്.
പ്രതികൂല സാഹചര്യം മുന്നിൽക്കണ്ട് കൂടുതൽ ഉപകരണങ്ങളും മരുന്നുകളും അടുത്ത ദിവസങ്ങളിൽ തന്നെ ജില്ലയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ നിർദേശങ്ങൾക്കും മറ്റു സഹായങ്ങൾക്കുമായി 9744642309 എന്ന നമ്പറിൽ ബന്ധപ്പെടാം.