covid

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച കപ്പക്കൽ, കൊളത്തറ ഭാഗങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം നിരീക്ഷണം ശക്തമാക്കി. കോർപറേഷൻ ഹെൽത്ത് ഓഫീസർ ആർ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ നല്ലളം, ചെറുവണ്ണൂർ മേഖല കാര്യാലയത്തിന് കീഴിലെ 40 മുതൽ 46 വരെയുള്ള വാർഡുകളിലും കപ്പക്കലിൽ 54, 55, 56 വാർഡുകളിലുമാണ് പരിശോധന നടത്തിയത്. സമൂഹവ്യാപനം തടയുന്നതിന് ഇവിടെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ എട്ട് മുതൽ പകൽ 11 വരെ മാത്രമേ പ്രവർത്തിപ്പിക്കാവൂ. റേഷൻ കടകൾ, മരുന്ന് ഷോപ്പുകൾ എന്നിവയ്‌ക്ക് പകൽ രണ്ട് വരെ പ്രവർത്തിക്കാം. മത്സ്യ- മാംസ വില്പന നിരോധിച്ചു.
പുലർച്ചെ അഞ്ചോടെ കോതിപ്പാലത്തിനടുത്ത് നിന്നാണ് പരിശോധന ആരംഭിച്ചത്. സമയപരിധി കഴിഞ്ഞിട്ടും അടയ്‌ക്കാത്ത കടകൾ പരിശോധകസംഘം അടപ്പിച്ചു. നിർദ്ദേശം പാലിക്കാത്ത വാഹനയാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ചു. യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നത് നിയന്ത്രണങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ പൊലീസിന്റെ സഹായം തേടുമെന്ന് അധികൃതർ പറഞ്ഞു.

ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസൻ, എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഹെൽത്ത് ഇൻസ്‌പെക്ടമാരായ സി.കെ. വത്സൻ, വി.കെ. പ്രമോദ്, പി.എസ്. ഡെയ്‌സൺ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ചെറുവണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ പി. ഷജിൽകുമാർ, ജെ.എച്ച്‌.ഐമാരായ പി. വിജേഷ്‌കുമാർ, ഒ.പി. ജയൻ, കെ. ഷിഹാബ് എന്നിവരും കപ്പക്കലിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.കെ. സുബൈർ, ആർ.എസ്. സ്റ്റീഫൻ എന്നിവരുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വൈകിട്ട് നാലിന് കൊളത്തറയും സമീപപ്രദേശങ്ങളും മീഞ്ചന്ത അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.