കോഴിക്കോട്: കൊവിഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ സമ്പർക്ക വിലക്കിലായവരിൽ 2100 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ഇതോടെ ഈ നിരയിലേക്കെത്തിയവരുടെ എണ്ണം 2,624 ആയി ഉയർന്നു. ജില്ലയിൽ നിലവിൽ 20,049 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡി.എം.ഒ ഡോ.വി.ജയശ്രീ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 22 പേരും ബീച്ച് ആശുപത്രിയിൽ രണ്ടു പേരുമുണ്ട്. ഇന്നലെ 12 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ജില്ലയിൽ ഇന്നലെയും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിക്കപ്പെട്ട കോഴിക്കോട് സ്വദേശികളായ 12 പേരിൽ അഞ്ചു പേരാണ് ഇതിനകം രോഗമുക്തരായത്. ഏഴു പേർ ചികിത്സയിലുണ്ട്. കണ്ണൂർ, കാസർകോട് സ്വദേശികളായ രണ്ടു പേർ കൂടി ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്.
ഇന്നലെ 16 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 417 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 384 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 369 എണ്ണവും നെഗറ്റീവാണ്. 33 പേരുടെ ഫലം ലഭിക്കാൻ ബാക്കിയുണ്ട്.
ജില്ലാ കളക്ടർ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ ഡി.എം.ഒ ഡോ.വി.ജയശ്രീ, ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, അഡീഷണൽ ഡി.എം.ഒ ഡോ.ആശാദേവി, ഡി.പി.എം. ഡോ.എ.നവീൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്നലെ ജില്ലയിൽ 4,248 സന്നദ്ധസേനാ പ്രവർത്തകർ 8,164 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത നാദാപുരത്ത് ഇ.കെ.വിജയൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പഞ്ചായത്ത്തല അവലോകന യോഗം നടത്തി. പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ വകുപ്പ് ജീവനക്കാരും പങ്കെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചേർന്ന ആരോഗ്യ വകുപ്പ് - പൊലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു.