കോഴിക്കോട്: ലോക്ക് ഡൗണിൽ കർഷകർക്കും ഉപഭോക്താക്കൾക്കും ആശ്വാസമൊരുക്കി ഹോർട്ടി കോർപ്പ് കളം നിറയുന്നു. വിഷു വിപണിക്കായുള്ള കണ്ണിവെള്ളരിയും നേന്ത്രക്കായയുമടക്കം മൊത്തമായി സംഭരിച്ചാണ് ഹോർട്ടി കോർപ്പ് കർഷകരുടെ കണ്ണീരൊപ്പുന്നത്.
ലോക്ക് ഡൗണിന് ശേഷം 37 ടൺ പച്ചക്കറിയാണ് കോഴിക്കോട് വേങ്ങേരിയിലെ കാർഷിക വിപണന കേന്ദ്രം വഴി ഹോർട്ടികോപ്പ് സംഭരിച്ചത്. വാങ്ങിയ വിലയ്‌ക്കുതന്നെയാണ് ഉപഭോക്താക്കൾക്ക് വിറ്റത്. കിലോയ്‌ക്ക് 25 രൂപ നിരക്കിലാണ് ഇവിടെ വാഴക്കുല വാങ്ങുന്നും വിൽക്കുന്നതും. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ലേലം. ഒരു ടൺ നേന്ത്രവാഴയ്ക്കയാണ് ഇവിടെ സംഭരിച്ചത്.
മൊത്തക്കച്ചവടം നാല് ജില്ലകൾക്ക് വേണ്ടി
കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകൾക്കുള്ള പച്ചക്കറി മൊത്തക്കച്ചവടംവേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിലാണ് നടക്കുന്നത്. രജിസ്‌ട്രേഷനുള്ള കർഷകരിൽ നിന്നാണ് പച്ചക്കറി എടുക്കുന്നത്. ലോക്ക് ഡൗൺ കാരണം താത്കാലിക രജിസ്‌ട്രേഷൻ നൽകി പുതുതായി വരുന്നവരിൽ നിന്നും പച്ചക്കറി വാങ്ങുന്നുണ്ട്.
കർഷകരുടെ എണ്ണം കൂടി
മുമ്പ് ദിവസവും പത്ത് മുതൽ ഇരുപത് കർഷകർ എത്തിയിരുന്നിടത്ത് ഇപ്പോഴത് 50 ആയി. തിങ്കളാഴ്ച നടന്ന വ്യാപാരത്തിൽ 21 ടൺ പച്ചക്കറിയാണ് സംഭരിച്ചത്. മുൻ കാലങ്ങളിൽ ഇത് ശരാശരി മൂന്നു ടൺ വരെയായിരുന്നു. വിഷുക്കാലമായതും സംഭരണ തോത് വർദ്ധിപ്പിച്ചു. 21 ടണ്ണിൽ 10 ടൺ കണിവെള്ളരിയും എട്ട് ടൺ വാഴക്കയുമുൾപ്പെടും.
തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് കേന്ദ്രത്തിൽ വിപണനം നടക്കുന്നത്. വിഷു പ്രമാണിച്ച് ശനിയാഴ്ചയും മൊത്തക്കച്ചവടം നടക്കും. സംഭരിക്കുന്ന പച്ചക്കറിയുടെ പണം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കർഷകരുടെ അക്കൗണ്ടിലിടും.
പച്ചക്കറി മൊത്തമായി വാങ്ങാം
ക്ലബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധസംഘടനകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയ്‌ക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് ഇവിടെ നിന്ന് മൊത്തമായി പച്ചക്കറി വാങ്ങാൻ സൗകര്യമുണ്ട്. എല്ലാ പച്ചക്കറികളും ഹോർട്ടികോർപ്പിന്റെ കക്കോടി, കൊയിലാണ്ടി, അത്തോളി, എലത്തൂർ, തോടന്നൂർ, കല്ലാച്ചി, പേരാമ്പ്ര ,മൊകേരി വില്പനശാലകളിലും ലഭിക്കും. കർഷകരും ഉപയോക്താക്കളും മാർക്കറ്റിൽ ബന്ധപ്പെടേണ്ട ഫോൺ 9746476626, 7012021174.