drug-free

കോഴിക്കോട്: ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളും ബാറുകളും ലോക് ഡൗണിൽ കുരുങ്ങിയതോടെ ഡീ അഡിക്‌ഷൻ സെന്ററുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ബീച്ച് ആശുപത്രിയിലെ വിമുക്തി ഡീ അഡിക്‌ഷൻ സെന്ററിൽ 105 പേരാണ് പുതുതായി ചികിത്സ തേടിയത്. കൂടുതൽ പേരും മാർച്ച് 27ന് ശേഷമാണ് ആശുപത്രിയിലെത്തിയത്. ഇവരിൽ കൂടുതലും പ്രായമായവരാണ്.

ഒ.പിയിലൂടെ 50 പേരും ഫോൺകോൾ കൗൺസലിംഗിലൂടെ 55 പേരുമാണ് ചികിത്സ തേടിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം ഡീ അഡിക്‌ഷൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. കൂടുതൽ ചികിത്സ വേണ്ടവരെ ബീച്ച് ആശുപത്രിയിലെ ഡീ അഡിക്‌ഷൻ സെന്ററിലേക്ക് മാറ്റും. ക്വാറന്റൈനുമായി ബന്ധപ്പെട്ടവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡീ അഡിക്‌ഷൻ സെന്ററിലേക്കാണ് മാറ്റുന്നത്.

 തുടക്കം ധ്യാനം
ആദ്യഘട്ടത്തിൽ മെഡിറ്റേഷനും കൗൺസലിംഗും കഴിഞ്ഞാണ് കിടത്തി ചികിത്സ നൽകുന്നത്. എന്നാൽ പലരും കിടത്തി ചികിത്സയ്‌ക്കിടയിൽ ഇറങ്ങി പോകുന്നത് തടയാൻ കൂട്ടിരിപ്പുകാരെയും നിർബന്ധമാക്കിയിട്ടുണ്ട്.

 യുദ്ധം മദ്യത്തിനെതിരെ

മദ്യത്തിൽ നിന്ന് പൂർണ മോചനമാഗ്രഹിച്ചാണ് പലരും ഡീ അഡിക്ഷൻ സെന്ററുകളിലെത്തുന്നത്. സ്വമേധയാ എത്തുന്നവരുമുണ്ട്. ലഭിക്കാതാവുന്നതോടെ മദ്യപാനം പൂർണമായി ഉപേക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. മദ്യപാനം പെട്ടെന്ന് നിറുത്തുന്നത് പലർക്കും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ വിമുക്തി സെല്ലിനെ സമീപിക്കാം. മദ്യപാനത്തിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർ 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാ വിമുക്തി കൺട്രോൾ റൂമിന്റെ നമ്പറിലോ 9495002270 വിമുക്തി ടോൾ ഫ്രീ നമ്പറായ 1056 ലോ വിളിക്കാം.