tp-ramakrishnan

കോഴിക്കോട്: കൊവിഡ് ഹോട്ട് സ്‌പോട്ട് ജില്ലകളിൽ കോഴിക്കോട് ഉൾപ്പെടുമെന്നിരിക്കെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ കാലാവധി 14ന് തീർന്നാലും നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ ചില വിഭാഗങ്ങൾക്ക് നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് വരുത്തിയിട്ടുണ്ട്. ലോക് ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾക്ക് അടുത്ത മന്ത്രിസഭാ യോഗത്തിൽ വ്യക്തയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മാഹി, വയനാട് അതിർത്തികളിൽ നിന്ന് പ്രധാന റോഡുകളിലൂടെയല്ലാതെ കർണാടകയിൽ നിന്നടക്കം ആളുകൾ കാൽനടയായി ജില്ലയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവിടങ്ങളിൽ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടംകൂടി നിൽക്കുന്നതും ഒരിക്കലും അനുവദിക്കാനാവില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാവും.

പൂഴ്ത്തിവയ്പ്, അമിത വില ഈടാക്കൽ എന്നിവ തടയുന്നതിന് വ്യാപാര സ്ഥാപനങ്ങളിൽ സ്‌ക്വാഡുകളുടെ പരിശോധന തുടരുന്നുണ്ട്. കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. വ്യാജവാറ്റ് നിർമാണത്തിനെതിരെ എക്‌സൈസും പൊലീസും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ വെന്റിലേറ്റർ ആവശ്യം വരുകയാണെങ്കിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് ലഭ്യമാക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒളവണ്ണ ഗ്രാമപഞ്ചായത്ത് വകയായുള്ള 50 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. യോഗത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവു, സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്ജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു.