കൽപ്പറ്റ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈസ്റ്റർ സമ്മാനം കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ പേയ്മന്റ് സംവിധാനമായ ഭീം ആപ്പ് വഴി നൽകണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം.
ഈസ്റ്ററിനോടനുബന്ധിച്ച് മാനന്തവാടി രൂപതാ മെത്രാൻ ഇടവകകൾക്ക് അയച്ച സർക്കുലറിലാണ് ഈ വർഷത്തെ ഈസ്റ്റർ സമ്മാനം ചെറുതാണെങ്കിലും വസ്തുക്കളായോ പണമായോ നൽകാതെ ഡിജിറ്റൽ പെയ്‌മെന്റ് ആപ്ലിക്കേഷനായ ഭീം ആപ്പ് വഴി നൽകണമെന്ന് ആഹ്വാനം ചെയ്തത്.

കറൻസി ഇടപാട് കുറയ്ക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ വിശ്വാസികൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു. വിശുദ്ധ വാരത്തിൽ ആരാധനാലയങ്ങളിൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ പൂർണമായും ഒഴിവാക്കി പകരം അവരവരുടെ വീടുകളിൽ വിശുദ്ധവാര കർമങ്ങളിൽ പങ്കാളികളാകുന്നതിന് ഓൺലൈൻ ഡിജിറ്റൽ സംവിധാനങ്ങൾ ആണ് സഭ ഉപയോഗിക്കുന്നത്. യൂ ട്യൂബ്, ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവ കൂടാതെ ഹോളി വീക്ക് ലിറ്റർജി എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷനും മാനന്തവാടി രൂപത പുറത്തിറക്കിയിട്ടുണ്ട്. പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ ദിവസങ്ങളിൽ നടത്തിവന്നിരുന്ന എല്ലാ ചടങ്ങുകളും ചെറിയ വ്യത്യാസങ്ങളോടെ വീട്ടിൽനിന്ന് ഓൺലൈനായി അനുഷ്ഠിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ പകരം ചില ചടങ്ങുകൾ നടത്താനും ആലോചനയുണ്ട്.

വരാനിരിക്കുന്ന വലിയ നന്മയ്ക്ക് വേണ്ടി വീട്ടിലിരിക്കുന്ന ഈ ത്യാഗം വലിയ വിലയായി നൽകണമെന്ന് ബിഷപ് പറഞ്ഞു.