കോഴിക്കോട്: ഗൾഫിൽ നിന്നുൾപ്പെടെ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഭീമഹർജി സമർപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ പറഞ്ഞു.
എങ്ങിനെയെങ്കിലും നാട്ടിലെത്തുക എന്ന ആഗ്രഹം സാധിക്കാത്തതിനാൽ പലരും മാനസിക പ്രശ്നത്തിലാണ്. കുറഞ്ഞ ദിവസത്തേക്ക് വിസിറ്റിന് പോയവരും അവിടെ വല്ലാത്ത വിഷമത്തിലാണ്.
ലേബർ ക്യാമ്പുകളിൽ സാമൂഹികഅകലം പാലിക്കാതെ കഴിയേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. ഇവർക്ക് മതിയായ താമസസൗകര്യമൊരുക്കേണ്ടതുണ്ട്.
ഇന്ത്യയിൽ കുടുങ്ങിയ വിദേശികളെ അതാത് ഭരണകൂടങ്ങൾ നാട്ടിലെത്തിക്കുന്ന പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്ക് വരാൻ താത്പര്യപ്പെടുന്നവരെ കൊണ്ടു വരേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം.