vatte

പേരാമ്പ്ര: പേരാമ്പ്ര എക്സൈസും പെരുവണ്ണാമൂഴി പൊലീസും നടത്തിയ റെയ്ഡിൽ കോട്ടൂരും ചെങ്കോട്ടക്കൊല്ലിയിലും വ്യാജവാറ്റ് പിടികൂടി. കോട്ടൂരിലെ ആളൊഴിഞ്ഞ വളപ്പിൽ ഇന്നലെ പുലർച്ചെ എക്സൈസ് നടത്തിയ റെയ്ഡിൽ 28 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും 140 ലിറ്റർ വാഷും കണ്ടെടുത്തു. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രിവന്റീവ് ഓഫീസർ പി. പി. രാമചന്ദ്രന്റ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കെ.സി.അമ്മദ്, കെ.സി.ഷൈജു, ഷിജിൽ കുമാർ എന്നിവർ പങ്കെടുത്തു. മുതുകാട്ടിലെ ചെങ്കോട്ടക്കൊല്ലിയിൽ പെരുവണ്ണാമൂഴി പൊലീസ് 40 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. രണ്ടാഴ്ചക്കിടെ മേഖലയിലെ ആറോളം കേന്ദ്രങ്ങളിൽ നിന്നാണ് വ്യാജവാറ്റ് പിടികൂടിയത്. എന്നാൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.